കുമളിയില്‍ മെഗാ ക്ലീനിംഗ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു
മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് കുമളി പഞ്ചായത്തിന്റയും വനം വകുപ്പിന്റയും വിവിധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ മെഗാ ക്ലീനിംഗ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. തേക്കടി ആനവച്ചാല്‍ തോടിന്റെ ശുചീകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇതോടൊപ്പം തോട്ടിലേയ്ക്ക് മാലിന്യങ്ങള്‍ നിക്ഷേപിക്കാതിരിക്കാന്‍ ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിച്ചു. കുമളി പഞ്ചായത്ത്, വനം വകുപ്പ്, രാഷ്ട്രിയ പാര്‍ട്ടികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ക്യാമ്പയിന്‍ നടത്തുന്നത്. കുമളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ബാബുക്കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ പാട്ടീല്‍ സുയോഗ് സുഭാഷ് റാവു, എ.എഫ്.ഡി. ഷുഹൈബ്, പഞ്ചായത്തംഗം കെ.എം. സിദ്ദിഖ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മജോ കാരിമുട്ടം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.