ഇടുക്കിയിൽ പതിനേഴുകാരൻ ജീവൻ ഒടുക്കിയ സംഭവം : നിർണായക കണ്ടെത്തൽ
ഇടുക്കി കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പതിനേഴുകാരനായ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസിന്റെ നിര്‍ണായക കണ്ടെത്തല്‍.വിദ്യാർത്ഥി ഏറെ നാളുകളായി ഓൺലൈൻ ഗയിമുകൾക്ക് അടിമയായിരുന്നു.ഇതേ തുടർന്ന് വിഷാദ രോഗം ബാധിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
വിദ്യാര്‍ത്ഥി തന്റെ മരണരംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ ലൈവായി ഇട്ടിരുന്നുവെന്നും ഓണ്‍ലൈൻ ഗെയിമിലെ അജ്ഞാതസംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് അവസാന സമയത്ത് പ്രവര്‍ത്തിച്ചിരുന്നതെന്നും വിവരമുണ്ടെങ്കിലും ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. വിദ്യാർത്ഥിയുടെ രക്ഷിതാക്കളേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്നും ഇതിനു ശേഷമേ മരണകാരണം കൂടുതൽ വ്യക്തമാകൂ എന്നും കമ്പംമെട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.എസ്.അനിൽകുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പതിനേഴുകാരനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.വിഷം കഴിച്ചശേഷം തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അടുത്ത കാലത്തായി വിദ്യാര്‍ത്ഥിയുടെ ജീവിതശൈലിയില്‍ മാറ്റം വന്നിരുന്നു.
കിടപ്പുമുറിക്കുള്ളില്‍ പല നിറങ്ങളില്‍ തെളിയുന്ന, റിമോട്ട് ഉപയോഗിച്ച് കളര്‍ മാറ്റാവുന്ന ലൈറ്റുകള്‍ ക്രമീകരിച്ചു. ജാപ്പനീസ്, ഫ്രഞ്ച്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകള്‍ പഠിച്ചെടുത്തു. അജ്ഞാതസംഘം ഓണ്‍ലൈനായി നല്‍കിയ ടാസ്കുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതെന്നും സൂചനയുണ്ട്.