ഉപ്പുതറ കണ്ണംപടിയിൽ ആദിവാസി യുവാവിനെതിരെ കള്ളക്കേസ്: മുൻ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡന് സസ്‌പെൻഷൻ
ആദിവാസിയുവാവിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത സംഭവത്തിൽ 10 മാസത്തിനുശേഷം ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനു കൂടി സസ്പെൻഷൻ. സംഭവസമയത്ത് ഇടുക്കി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡനായിരുന്ന പി.കെ.മുജീബ് റഹ്മാനെയാണു സസ്പെൻഡ് ചെയ്തത്.നിലവിൽ നിലമ്പൂർ കരുളായി റേഞ്ച് ഓഫിസറാണു മുജീബ് റഹ്മാൻ.കണ്ണംപടി മുല്ല പുത്തൻപുരയ്ക്കൽ സരുൺ സജിയെയാണു കാട്ടിറച്ചിയുമായി പിടികൂടിയെന്നാരോപിച്ച് 2022 സെപ്റ്റംബർ 20നു കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിൽ കള്ളക്കേസെടുത്തു റിമാൻഡ് ചെയ്തത്. സെക്ഷൻ ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിൽ തയാറാക്കിയ മഹസറിൽ ഒപ്പിടാതിരുന്ന ഉദ്യോഗസ്ഥനെയാണ് ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുന്നത്.തെറ്റായി തയാറാക്കിയ മഹസറിൽ തുടർനടപടികൾ കൈക്കൊള്ളാതെ മുജീബ് റഹ്മാൻ വിട്ടുനിന്നതായി വകുപ്പുതല അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. സരുണിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നു കണ്ടെത്തിയതോടെഡിഎഫ്ഒയും ഫോറസ്റ്ററും അടക്കമുള്ള 9 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. സരുണിനെതിരായ കേസ് പിൻവലിക്കുകയും ചെയ്തിരുന്നു.