പുറത്ത് 'വീട്ടില്‍ ഊണ്', അകത്ത് മിനി ബാര്‍, മുകള്‍ നിലയില്‍ രഹസ്യ അറ, റെയ്ഡില്‍ കിട്ടിയത് 76 കുപ്പി മദ്യം
വീട്ടില്‍ ഊണിന്റെ പേരില്‍ നടന്നിരുന്നത് മദ്യ കച്ചവടം. ഡ്രൈ ഡേയിലെ റെയ്ഡില്‍ കിട്ടിയത് 76 കുപ്പി മദ്യം.മണിമല കറിക്കാട്ടൂരില്‍ ആണ് വീട്ടില്‍ ഊണിന്റെ മറവില്‍ അനധികൃത മദ്യ വില്‍പന നടത്തിയിരുന്നത്. വീട്ടില്‍ ഊണ് എന്ന പേരിലായിരുന്നു ഹോട്ടല്‍ നടത്തിയിരുന്നത്. എന്നാല്‍ ഊണിനൊപ്പം അനധികൃത മദ്യ വില്‍പനയുമുണ്ടെന്ന രഹസ്യ വിവരത്തേ തുടർന്നാണ് എക്സൈസ് ഒന്നാം തിയതി ഇവിടെ പരിശോധനയ്ക്ക് എത്തിയത്. ഡ്രൈ ഡേയും പുതുവർഷവും ആയതോടെ ഇരട്ടി ലാഭത്തിലുള്ള വില്‍പന എക്സൈസ് എത്തിയതോടെ പാളുകയായിരുന്നു.ഹോട്ടല്‍ ഉടമ വി എസ് ബിജുമോനെ അറസ്റ്റ് ചെയ്തു. കേസെടുത്തു കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. വീടിന്റെ മുകളിലത്തെ നിലയില്‍ രഹസ്യ അറകളില്‍ ഒളിപ്പിച്ച നിലയില്‍ 76 കുപ്പി മദ്യമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ബിവറേജ് ഔട്ട്ലെറ്റുകളില്‍ നിന്ന് പല തവണകളിലായി മദ്യം വാങ്ങിച്ച് ശേഖരിച്ചായിരുന്നു വില്‍പന. ഇതര സംസ്ഥാന തൊഴിലാളികളും ഡ്രൈവർമാരുമായിരുന്നു വീട്ടില്‍ ഊണിലെ പതിവുകാർ. എരുമേലി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ എച്ച് രാജീവ്, അസി. ഇൻസ്‌പെക്ടർ മുഹമ്മദ് അഷ്റഫ്, പ്രിവന്റീവ് ഓഫീസർമാരായ വി എസ് ശ്രീലേഷ്, മാമൻ ശാമുവേല്‍, പി ആർ രതീഷ്, സിവില്‍ എക്സൈസ് ഓഫീസർ കെ വി പ്രശോഭ്, വനിത സിവില്‍ ഓഫീസർ അഞ്ജലി കൃഷ്ണ, ഡ്രൈവർ ഷാനവാസ് എന്നിവർ റെയ്ഡില്‍ പങ്കെടുത്തു.

