ഭൂപതിവ് നിയമഭേദഗതി ബിൽ സർക്കാർ ജനങ്ങളെ വഞ്ചിച്ചു - ഡീൻ കുര്യാക്കോസ് എം പി
നാല് വർഷം നീണ്ട ആലോചനകൾക്ക് ശേഷം ജില്ലയിലെ ഭൂ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കാവുന്ന നിയമഭേദഗതി കൊണ്ടുവരാതെ സർക്കാർ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് എം പി പറഞ്ഞു. 2019 ഡിസംബർ 17 ലെ സർവകക്ഷിയോഗത്തിൽ ജില്ലയിലെ ഭൂ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുമെന്നും ഭൂ പതിവ് നിയമം ഭേദഗതി ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതാണ്. ഇതിന് ശേഷം നിരവധി ഉന്നതതല യോഗങ്ങളും നടന്നു. എന്നിട്ടും വേണ്ടത്ര പഠനം നടത്താതെ ബിൽ അവതരിപ്പിച്ചത് ഈ വിഷയത്തിൽ സർക്കാരിന് ആത്മാർത്ഥതയില്ലന്ന് വ്യക്തമാക്കുന്നു. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.1960 ന് ശേഷം നൽകിയ പട്ടയങ്ങളിലെ വീടൊഴികെയുള്ളയെല്ലാ നിർമ്മാണങ്ങളും ചട്ടലംഘനത്തിന്റെ പരിധിയിലാക്കി വൻ തുക പിഴയീടാക്കി ക്രമവൽക്കരിക്കാനുള്ള പിണറായി സർക്കാരിന്റെ മുൻ തീരുമാനത്തിന് നിയമപരിരക്ഷ നൽകുക മാത്രമാണ് ഈ നിയമഭേതഗതിയിലൂടെ സർക്കാർ ചെയ്തത്. വൻ തുക കോഴ വാങ്ങി, അഴിമതി സാർവ്വത്രികമാക്കുകയാണ് ഇതു വഴി ലക്ഷ്യം വച്ചിട്ടുള്ളത്. ഇതല്ലാതെ സങ്കീർണ്ണമായ ഭൂ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദേശങ്ങളൊന്നും ഭേദഗതി ബില്ലിലില്ല. 1960 ന് മുൻപ് നൽകിയ പട്ടയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കാനുള്ള നിർദേശങ്ങളും നിയമഭേദഗതിയിലില്ല. ഭൂ വിഷയങ്ങളിൽ സർക്കാരിനെതിരെയുള്ള ജനരോക്ഷത്തിൽ നിന്നും രക്ഷപ്പെടാൻ നടത്തിയ നാടകമായിരുന്നു ഈ ബില്ലവതരണമെന്ന് വ്യക്തമായതായി ഡീൻ കുര്യാക്കോസ് പറഞ്ഞു. ഭൂ പതിവ് ചട്ടം ലംഘിച്ചുള്ള നിർമ്മാണം തടയാൻ ഒന്നാം പിണറായി സർക്കാർ ഉത്തരവ് ഇറക്കുന്നത് വരെ മുന്നാറിലെ എട്ട് വില്ലേജുകളിലൊഴികെ ജില്ലയിൽ നിർമ്മാണപ്രവർത്തനം നടത്താൻ ഒരു നിയന്ത്രണവും ഇല്ലായിരുന്നു. 2016 ജൂണിൽ എൻ ഒ സി നിർബന്ധമാക്കുന്നത് വരെ ഈ എട്ട് വില്ലേജുകളിലെ നിർമ്മാണത്തിനും തടസമുണ്ടായിരുന്നില്ല. ഈ കാലയളവിൽ നിയമവിധേയമായി നടത്തിയ നിർമ്മാണങ്ങളെല്ലാം ചട്ടലംഘനത്തിന്റെ പരിധിയിലാക്കാനുള്ള സർക്കാർ നീക്കം ജില്ലയെ പ്രതികൂലമായി ബാധിക്കും. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഡീൻ പറഞ്ഞു. ജില്ലയിൽ പത്ത് ചെയിൻ മേഖലയിലും ലാൻഡ് രജിസ്റ്ററിലെ തെറ്റായ രേഖപ്പെടുത്തലിന്റെ പേരിലും, വ്യാപാരസ്ഥാപനങ്ങൾക്കും പട്ടയവിതരണത്തിന് തടസമായി നിൽക്കുന്ന നിയമങ്ങൾ ഭേതഗതി ചെയണം. കൂടാതെ അനധികൃത നിർമ്മാണങ്ങളൊഴികെയുള്ളവ ചട്ടലംഘനത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി നിയമം ഭേദഗതി ചെയ്യണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.