കട്ടപ്പന നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു
കട്ടപ്പന നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. യു ഡി എഫിൽ ഇനിയും സീറ്റ് ധാരണ ആയിട്ടില്ല.
കട്ടപ്പന നഗരസഭ രൂപീകരിച്ച ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും യുഡിഎഫിനായിരുന്നു ആധിപത്യം.എന്നാൽ ഇത്തവണ പാർട്ടിയിലെ അനൈക്യ മൂലം സ്ഥാനാർത്ഥി പ്രഖ്യാപനം പോലും വൈകുകയാണ്.ഇതിനിടെയാണ് എൽഡിഎഫ് മുൻകൂട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് നാമനിർദ്ദേശപത്രികകൾ സമർപ്പിച്ചത്.നഗരസഭയിൽ ആകെയുള്ള 35 സീറ്റിൽ 14 സീറ്റിൽ സിപിഎമ്മും 12 സീറ്റിൽ കേരള കോൺഗ്രസ് മാണി വിഭാഗവും മത്സരിക്കും. ഏഴ് സീറ്റാണ് സിപിഐക്ക്. ആർ ജെ ഡിയും എൻസിപിയും ഓരോ സീറ്റിൽ മത്സരിക്കുന്നു.ഇത്തവണ മികച്ച ഭൂരിപക്ഷത്തിൽ നഗരസഭാ ഭരണം നേടാൻ കഴിയുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കോൺഗ്രസിലെ മൂന്ന് അംഗങ്ങളാണ് ചെയർപേഴ്സൺ പദവിയിൽ ഇരുന്നത്. ഇത് വികസന പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി എന്നാണ് എൽഡിഎഫിന്റെ ആരോപണം.
സിപിഎം ഇടുക്കി ജില്ലാ കമ്മറ്റി അംഗം വി ആർ സജി ഉൾപ്പെടെയുള്ളവരാണ് ഇത്തവണ നഗരസഭാ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്.
സിപിഎം നേതാക്കളായ കെ പി സുമോദ് , റ്റിജി എം രാജു, സിപിഐ നേതാക്കളായ ഗിരീഷ് മാലിയിൽ ,ബിന്ദുലത രാജു ,കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം മനോജ് എം തോമസ്, ഷാജി കൂത്തടി തുടങ്ങിയവരും ഇത്തവണ മത്സര രംഗത്തുണ്ട്.










