മണ്ഡലകാലം സമാഗതമായതോടെ ശബരിമലയിലേക്കു പുറപ്പെടുന്ന തീർത്ഥാടകരുടെ പ്രവാഹം തുടങ്ങി
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കിയിലെ നാല്ചെക്ക് പോസ്റ്റുകളാണുള്ളത്. ഇതിൽ കുമളി,കമ്പംമെട്ട് ചെക്ക് പോസ്റ്റുകൾ കടന്നാണ് കൂടുതൽ തീർത്ഥാടകരെത്തുന്നത്.
തമിഴ്നാട്, ആന്ധ്ര,കർണ്ണാടക എന്നിവിടങ്ങളിൽ നിന്നും ശബരിമലയിലേക്ക് ഏറ്റവുമധികം തീർത്ഥാടകർ കടന്നു പോകുന്നത് കേരളാതിർത്തിയിലെ കുമളി ചെക്ക്പോസ്റ്റ് വഴിയാണ്.ഇതു വഴി തീർത്ഥാടകരുടെ തിരക്കാരംഭിച്ചു. നൂറു കണക്കിന് വാഹനങ്ങളാണ് ഇതു വഴി കടന്നുപോകുന്നത്. പോലീസും വിവിധ ഡിപ്പാർട്ടുമെൻ്റുകളും തീർത്ഥാടകരുടെ സുരക്ഷിതയാത്രക്കായി ഒരുക്കങ്ങൾ പൂർത്തിയാക്കി. കുമളി പോലീസ് സ്റ്റേഷൻ അതിർത്തി മുതൽ വിവിധ മേഖലകളിലായി പോലീസ് ഉദ്യോഗസ്ഥരെ തീർത്ഥാടകരുടെ സുരക്ഷിതയാത്രക്കായി നിയോഗിച്ചു.
മോട്ടോർ വാഹന വകുപ്പ്,എക്സയിസ്,ഫോറസ്റ്റ്, തുടങ്ങിയ ഡിപ്പാർട്ടുമെൻ്റുകളും തീർത്ഥാടകർക്കായി സൗകര്യങ്ങളൊരുക്കും.വാഹനങ്ങളിലും കാൽനടയായും ശബരിമലയിലേക്ക് പോകുന്ന തീർത്ഥാടകരുണ്ട്.തീർത്ഥാടനകാലം അവസാനിക്കുന്നതു വരെ അയ്യപ്പഭക്തർക്കായി ചെക്ക് പോസ്റ്റ്കളിൽ ഇരുപത്തിനാല് മണിക്കൂറും ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും.






