ഇടുക്കിയിൽ എൽ.ഡി.എഫിൻ്റെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായി; എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ 19, 20 തീയതികളിൽ നോമിനേഷൻ നൽകും
സർക്കാർ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികളും വികസന പദ്ധതികളും ജനമനസ്സുകളിൽ ഇടംപിടിച്ചിരിക്കെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽഡി എഫ് ജില്ലയിലാകെ വൻമുന്നേറ്റം സൃഷ്‌ടിക്കുമെന്ന് എൽഡിഎഫ് ജില്ലാ നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇടുക്കിയിൽ എൽ.ഡി.എഫിൻ്റെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തീകരിച്ചതായി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ജില്ലാ പഞ്ചായത്തിൽ സി.പി.എം എട്ട് സീറ്റുകളിലും സി.പി.ഐ അഞ്ച് സീറ്റിലും കേരള കോൺഗ്രസ്സ് (എം) നാല് സീറ്റുകളിലും മത്സരിക്കും.
കട്ടപ്പന നഗരസഭയിലെ 35 ഉം തൊടുപുഴ നഗരസഭയിലെ 38 ഉം സീറ്റുകളിലും ധാരണയായി.ബ്ലോക്ക് പഞ്ചായത്തുകളിലെ 112 സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിലെ 834 സീറ്റുകളിലും ധാരണയായി. എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ 19, 20 തീയതികളിലായി നോമിനേഷൻ നൽകുമെന്ന് നേതാക്കൾ പറഞ്ഞു.
2021 ൽ സംസ്ഥാനത്ത് തുടർ ഭരണം ഉണ്ടായതുപോലെ ജില്ലാ പഞ്ചായത്തിലും തുടർഭരണത്തിന് കളമൊരുങ്ങുക യാണെന്നും ജില്ലാ പഞ്ചായത്തിൽ വൻമുന്നേറ്റമുണ്ടാകുമെന്നും നേതാക്കൾ വ്യക്ത മാക്കി. ജില്ലയിൽ ഇപ്പോൾ 4 ബ്ലോക്ക് പഞ്ചായത്തുകളിലാണ് എൽഡിഎഫ് ഭരിച്ചു വരുന്നത്. ഇത് നിലനിർത്തുകയും മറ്റുള്ളിടത്ത് ഭരണത്തിലെത്തുകയും ചെയ്യും. ഗ്രാമപഞ്ചായത്തുകളിൽ 30 പഞ്ചായത്തിലാണ് ഇപ്പോൾ ഭരിക്കുന്നത്. ബഹുഭൂരി പക്ഷം പഞ്ചായത്തുകളും എൽഡിഎഫിനൊപ്പം നിൽക്കുന്ന രാഷ്ട്രീയ- സാമൂഹ്യ സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളതെന്നും നേതാക്കൾ പറഞ്ഞു.








