തദ്ദേശ തിരഞ്ഞെടുപ്പ്: സ്കൂൾ അർധവാർഷിക പരീക്ഷ ഒറ്റഘട്ടത്തിൽ; ക്രിസ്മസ് അവധിയിലും മാറ്റം
തദ്ദേശതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷാ തീയതിയിലും ക്രിസ്മസ് അവധിയിലും മാറ്റം വരുത്താന്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണ. ക്രിസ്മസ് പരീക്ഷ ഒറ്റഘട്ടമായി ഡിസംബര്‍ 15ന് ആരംഭിച്ച് 23ന് പൂര്‍ത്തിയാക്കി സ്‌കൂള്‍ അടയ്ക്കാനാണ് തീരുമാനം. തുടര്‍ന്ന് ജനുവരി അഞ്ചിനാകും സ്‌കൂള്‍ തുറക്കുക. അങ്ങനെയെങ്കില്‍ കുട്ടികള്‍ക്കു 12 ദിവസം അവധി ലഭിക്കും. വിദ്യാഭ്യാസ നിലവാരസമിതി യോഗത്തിലാവും അന്തിമതീരുമാനം എടുക്കുക.
2025 - 2026 വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 11 മുതലാണ് രണ്ടാംപാദ വാര്‍ഷിക പരീക്ഷകള്‍ നടക്കാനിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഡിസംബര്‍ 9, 11 തീയതികളിലും വോട്ടെണ്ണല്‍ 13നും തീരുമാനിച്ചതോടെയാണ് പരീക്ഷാ ദിവസങ്ങള്‍ മാറുന്നത്. ക്രിസ്മസ് അവധിക്ക് മുന്‍പും ശേഷവുമായി രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താന്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഇതു കുട്ടികളില്‍ മാനസിക സമ്മര്‍ദത്തിന് ഇടയാക്കുമെന്ന വിലയിരുത്തല്‍ മൂലമാണ് ഒറ്റഘട്ടമായി നടത്താന്‍ ധാരണയായത്.




