കട്ടപ്പന എം.ഡി.എം.എ. കേസിൽ സഹായിയായ മറ്റൊരാളും പിടിയിൽ
കട്ടപ്പനയ്ക്ക് സമീപം മുളകരമേട്ടിൽ 39.7 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത കേസിൽ സഹായിയായി പ്രവർത്തിച്ച മറ്റൊരാളെയും കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ഏണനെല്ലൂർ ആയവന തൃക്കപ്പടി കുന്നുംപുറത്ത് വീട്ടിൽ ജോണിയുടെ മകൻ ശ്രീജിത്ത് (28) ആണ് അറസ്റ്റിലായത്. ഇയാൾ കട്ടപ്പന മുളകരമേട് എ.കെ.ജി. പടി ടോപ്പിൽ വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
കേസിലെ പ്രധാനപ്രതി മുളകരമേട് എ.കെ.ജി. പടി കാഞ്ഞിരത്തുംമൂട്ടിൽ അശോകന്റെ മകൻ സുധീഷ് (28) നെ തിങ്കളാഴ്ച രാത്രി 39.7 ഗ്രാം എം.ഡി.എം.എയുമായി വീട്ടിൽ നിന്ന് പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് തുടർനടപടികൾ നടത്തി ശ്രീജിത്തിനെ പിടികൂടിയത്.
ഇരുവരും അന്തർസംസ്ഥാന മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ കണ്ണികളാണെന്ന് പോലീസ് വ്യക്തമാക്കി. ഇതോടെ എം.ഡി.എം.എ. വിൽപ്പന കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.ബാംഗ്ലൂരിൽ നിന്ന് എം.ഡി.എം.എ. കൊണ്ടുവന്ന് ഇടുക്കിയിലെ റിസോർട്ടുകളെ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ ഭാഗമാണ് ഇരുവരും എന്ന് പോലീസ് പറയുന്നു.
ഇടുക്കി ജില്ലാ പോലീസ് മേധാവി സാബു മാത്യു IPS ന്റെ നിർദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ് മോൻ ന്റെ നേതൃത്വത്തിൽ, കട്ടപ്പന സിഐ.ടി.സി. മുരുകൻ, എസ്ഐമാരായ ബേബി ബിജു, മഹേഷ്, എസ്.സി.പി.ഒമാരായ ജോബിൻ ജോസ്, അനുമോൻ അയ്യപ്പൻ, സിപിഒമാരായ അൽബാഷ്, ബിജിൻ, സബീന, ജില്ലാ ഡാൻസാഫ് ടീമംഗങ്ങൾ എന്നിവർ ചേർന്ന് കട്ടപ്പന ടൗൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.








