മാലിമുളക് കൃഷിയിൽ നിന്ന് 20 ലക്ഷം രൂപയുടെ ആദായം ലഭിച്ച കർഷകനാണ് ഇടുക്കി രാജകുമാരി മുരിക്കുംതൊട്ടി സ്വദേശിയായ അജി ചുണ്ടൻകുഴി. ഏലം റീപ്ലാൻ്റേഷനൊപ്പം ഇദ്ദേഹം നാലേക്കർ സ്ഥലത്താണ് മാലിമുളക് കൃഷി നടത്തിയത്

മാലിമുളക് കൃഷിയിൽ പ്രതീക്ഷയർപ്പിച്ച് മുന്നോട്ടുപോകുന്ന നിരവധി കർഷകർ ഇടുക്കി ഹൈറേഞ്ച് മേഖലയിൽ ഉണ്ട്.അവരിൽ ഏറ്റവും ശ്രദ്ധേയനാണ് അജി.കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്ഥലത്ത് മാലിമുളക് കൃഷി നടത്തുകയും അതുവഴി 20 ലക്ഷം രൂപയുടെ ആദായം ഒരുവർഷംകൊണ്ട് നേടുകയും ചെയ്ത കർഷകനാണ് രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി അജി ചുണ്ടൻകുഴി.
മുള്ളംതണ്ട് എന്ന സ്ഥലത്ത് അജി ഏലം കൃഷിക്കായി തെരഞ്ഞെടുത്ത നാലേക്കർ സ്ഥലത്താണ് ഏലത്തിന് ഒപ്പംതന്നെ മാലി മുളക് കൃഷി നടത്തിയത്.മൂന്നാം മാസം മുതൽ ആദായം കിട്ടിത്തുടങ്ങി. തുടർന്നങ്ങോട്ട് ഒരു വർഷക്കാലം ആദായവും ലഭിച്ചു.ചിട്ടയായ പരിപാലനത്തിലൂടെ മാലിമുളക് സമൃദ്ധമായി ഉത്പാദിപ്പിക്കാൻ ഈ കർഷകന് കഴിഞ്ഞു. കട്ടപ്പന മാർക്കറ്റിലാണ് മാലിമുളക് വിറ്റഴിച്ചത്.
മാലിമുളക് വിലയിൽ സാരമായ ഏറ്റക്കുറച്ചിൽ ഉണ്ടാകാറുണ്ട്. 20 രൂപ മുതൽ 400 രൂപ വരെ കിലോഗ്രാമിന് ലഭിക്കുന്ന മാലാമുളകിൻ്റെ വിലയുടെ ഏറ്റക്കുറച്ചിൽ കർഷകരെ ദുരിതത്തിലാക്കാറുണ്ട്. എന്തായാലും അജിക്ക് കൃഷിയുടെ വിളവെടുപ്പ് കാലത്ത് മെച്ചപ്പെട്ട വില ലഭിച്ചതിനാലാണ് ഒരു വർഷം കൊണ്ടുതന്നെ 20 ലക്ഷം രൂപയുടെ ആദായം നേടാൻ കഴിഞ്ഞത്.
മലയോരമേഖലയിൽ രണ്ടുവർഷം വരെ തുടർച്ചയായി ആദായം ലഭിക്കുന്ന ഒന്നാണ് മാലിമുളക് ഹൈറേഞ്ചിൽ കട്ടപ്പന നെടുങ്കണ്ടം പ്രദേശങ്ങളിൽ ഉൾപ്പടെ മാർക്കറ്റ് ഉണ്ട്.രാജകുമാരി ഇടമറ്റത്തെ ഫെഡറേറ്റഡ് നഴ്സറിയിൽ നിന്നാണ് മാലിമുളകിൻ്റെ തൈകൾ അജി വാങ്ങിയത്.കിലോഗ്രാമിന് 100 രൂപ എങ്കിലും കിട്ടിയാൽ കർഷകർക്ക് ഈ കൃഷി ലാഭകരമായി മുന്നോട്ടു പോകാൻ കഴിയും എന്നതാണ് കർഷകരുടെ അനുഭവം.