വൈദ്യുതി ലൈൻ വലിക്കാൻ കൃഷി വെട്ടി നീക്കിയിട്ട് 3 വർഷം. നഷ്ടപരിഹാരം ചുവപ്പുനാടയിൽ
33 കെവി വൈദ്യുതി ലൈൻ വലിക്കാൻ കെഎസ്ഇബി വെട്ടി നശിപ്പിച്ച കൃഷി വിളകൾക്ക് മൂന്നു വർഷമായിട്ടും നഷ്ടപരിഹാരം ലഭിക്കാതെ കർഷകർ. പള്ളിവാസലിൽ നിന്നും മറയൂരിലേക്കുള്ള 33 കെവി ലൈൻ കടന്നുപോകുന്ന പള്ളനാട് മുതൽ ചിന്നവര,ചാനൽമേട്, ചെറുപാട് മേഖലയിലെ 44 കർഷകരുടെ കൃഷിഭൂമിയിൽനിന്നും വാഴ,കൊക്കോ, കമുക്, ജാതി, തെങ്ങ്, കരിമ്പ് ഉൾപ്പെടെയുള്ള കൃഷി വിളകളാണ് വെട്ടി നശിപ്പിച്ചത്. ഇതിന് നഷ്ടപരിഹാരം നൽകാമെന്നറിയിച്ച് 3 വർഷം മുന്നേ കർഷകരിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ചെങ്കിലും കഴിഞ്ഞ ജനുവരിയിലാണ് 31 പേർക്ക് മാത്രം നാമമാത്രമായ നഷ്ടപരിഹാരം ലഭിച്ചത്. കൃഷി നഷ്ടമായ 13 കർഷകർക്ക് ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിച്ചിട്ടുമില്ല.
നഷ്ടപരിഹാരത്തുകയെക്കുറിച്ച് വൈദ്യുതി വകുപ്പിന്റെ മറയൂർ സെക്ഷനിൽ അന്വേഷിച്ചാൽ പഴയ അപേക്ഷകൾ ഇവിടെ ഇല്ല എന്നും വീണ്ടും അപേക്ഷ തരാനാണ് അവശ്യപ്പെടുന്നതെന്നും കർഷകർ പറയുന്നു. കരിമ്പ്, വാഴ കൃഷികൾക്കാണ് നഷ്ടപരിഹാരം ലഭിക്കാത്തത്.കാർഷിക വിളകൾ വെട്ടി നശിപ്പിച്ചത് കൂടാതെ ഈ സ്ഥലത്തിലൂടെ ലൈൻ പോസ്റ്റുകൾ സ്ഥാപിക്കുന്നതിനായി ഏറ്റെടുത്ത ഭൂമിക്കും വില ലഭിച്ചില്ല എന്നും പ്രദേശവാസികൾ പരാതിപ്പെടുന്നു.