നെടുങ്കണ്ടം ജില്ലാ സ്‌പോര്‍ട്‌സ് അക്കാഡമിയില്‍ അത്‌ലറ്റിക്‌സ് ഹോസ്റ്റല്‍ അനുവദിച്ചു

2023-ല്‍ ഗ്രൗണ്ടിന്റെ അഭാവം മൂലം പ്രവര്‍ത്തനം നിലച്ചുപോയ അത്‌ലറ്റിക്‌സ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിച്ചു.
2025 ജൂലൈ 20 ന് നടന്ന പ്രത്യേക സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സെലക്ഷനിലുടെയാണ് കുട്ടികളെ തിരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്റ്റാന്റിംഗ് കമ്മറ്റി നിശ്ചയിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ 5 ആണ്‍കുട്ടികള്‍ക്കും 3 പെണ്‍കുട്ടികള്‍ക്കുമാണ് ഹോസ്റ്റലിലേയ്ക്ക് സെലക്ഷന്‍ ലഭിച്ചിരിക്കുന്നത്.
ഉടുമ്പന്‍ചോല എം.എല്‍.എ എം.എം.മണിയുടെയും, ഇടുക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും നിരന്തര ഇടപെടലിന്റെ ഫലമായാണ് സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇടുക്കി ജില്ലയ്ക്ക് മാത്രമായി ഈ അധ്യയന വര്‍ഷം അത്‌ലറ്റിക്‌സ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിന് തുടര്‍ച്ചാനുമതി നല്‍കിയത്. നെടുങ്കണ്ടം പഞ്ചായത്ത് വാടക നല്‍കുന്ന കല്‍കൂന്തലിലെ സ്വകാര്യ കെട്ടിടത്തിലാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്.സ്വന്തമായി ഹോസ്റ്റല്‍ കെട്ടിടം പണിയുന്നതിന് 5 കോടി രൂപ അനുവദിക്കുകയും നെടുങ്കണ്ടം ടൗണില്‍ സ്ഥലം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇടുക്കി ജില്ലയിലെ കായിക മേഖലയിലെ കുട്ടികള്‍ക്ക് വലിയ പ്രതീക്ഷയാണ് നെടുങ്കണ്ടം സിന്തറ്റിക് ട്രാക്കും പണി പൂര്‍ത്തിയായി വരുന്ന പച്ചടി ഇന്‍ഡോര്‍ സ്റ്റേഡിയവുമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ അറിയിച്ചു.