പെട്ടിമുടി ദുരന്തത്തിന് മൂന്നു വയസ്. കൊച്ചു മക്കൾക്ക് പലഹാരങ്ങളുമായി കറുപ്പായി ദുരന്ത ഭൂമിയിൽ . ദുരന്തത്തിൽ മരിച്ചത് 70 പേർ. നാലു പേർ ഇപ്പോഴും കാണാമറയത്ത്
70 പേരുടെ ജീവനെടുത്ത പെട്ടിമുടി ദുരന്തം നടന്നിട്ട് മൂന്ന് വർഷം പിന്നിടുന്നു. കൊച്ചുമക്കളുടെ വേർപാടിൽ മനംനൊന്ത കറുപ്പായി ഉൾപ്പെടെ നിരവധി പേരാണ് ഇപ്പോഴും ദുരന്തമുഖത്ത് കണ്ണീരുമായി എത്തുന്നത്.2020 ഓഗസ്റ്റ് ആറിന് രാത്രി 10.30തോടെയാണ് പെട്ടിമുടിയില്‍ കേരളത്തെ നടുക്കിയ ദുരന്തം ഉണ്ടായത്. മല മുകളില്‍ നിന്ന് പൊട്ടി ഒലിച്ചെത്തിയ ഉരുള്‍ പെട്ടിമുടിയെ ആകെ മൂടി. മണ്ണിനും കല്ലിനും അടിയില്‍പ്പെട്ട് 70 ജീവനുകൾ ഞെരിഞ്ഞമര്‍ന്നു.വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകർന്നതിനാൽ രാത്രിയില്‍ നടന്ന സംഭവം പുറംലോകം അറിഞ്ഞത് പിറ്റേ ദിവസം രാവിലെയാണ്. ഗുരുതരമായി പരിക്കേറ്റ 12 പേരെ രക്ഷപ്പെടുത്തി. ശക്തമായ മഴയെ വകവയ്ക്കാതെ 19 ദിവസം നീണ്ട തെരച്ചില്‍. ദുരന്ത സ്ഥലത്തു നിന്നും 14 കിലോമീറ്റര്‍ ദൂരത്തു നിന്നു വരെ രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു.സ്വന്തം കുടുംബത്തിലെ 13 പേരെ നഷ്ടപ്പെട്ട കറുപ്പായി മകൾക്ക് ഇഷ്ടപ്പെട്ട പലഹാരങ്ങളുമായി ഇപ്പോഴും മാസത്തിലൊരിക്കൽ ദുരന്ത ഭൂമിയിലെത്തും.
എഴുപത് പേര്‍ മരിച്ചെങ്കിലും 66 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കിട്ടിയത്. നാലു പേര്‍ ഇപ്പോഴും കാണാമറയത്താണ്. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും പെട്ടിമുടിയെ ഓര്‍ക്കുമ്പോള്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ കണ്ണില്‍ പ്രിയപ്പെട്ടതെല്ലാം നഷ്‌ടമായതിന്‍റെ നിസഹായത മാത്രം.