സംഗീത നാടക അക്കാദമി സംഗീതോൽസവം ഓഗസ്റ്റ് 30 ന് കട്ടപ്പനയിൽ

കേരള സംഗീത നാടക അക്കാദമി ഇടുക്കി കേന്ദ്ര കലാസമിതിയുടെ നേതൃത്വത്തിൽ റോട്ടറി ക്ലബ് ഓഫ് അപ്ടൗണിന്റെയും വിവിധ കലാസാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ സംഗീതോൽസവം ഓഗസ്റ്റ് 30 ശനിയാഴ്ച കട്ടപ്പന മിനി സ്റ്റേഡിയത്തിൽ നടക്കും.സംസ്ഥാനത്തെ 14 ജില്ലകളിലും സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ സംഗീതോത്സവം സംഘടിപ്പിച്ചിരിക്കുകയാണ്.
ഇതിൻ്റെ ഭാഗമായി ഇടുക്കി ജില്ലയിലെ സംഗീതോത്സവം ഓഗസ്റ്റ് 30 ശനിയാഴ്ച കട്ടപ്പന മിനി സ്റ്റേഡിയത്തിലാണ് നടക്കുന്നത്.സംഗീതോത്സവത്തിന് മുന്നോടിയായി ഉച്ചകഴിഞ്ഞ് രണ്ട് മണി മുതൽ ഓണപ്പാട്ട് മത്സരവും മാവേലി മത്സരവും നടക്കും തുടർന്ന് തബല ജുഗൽബന്തി അരങ്ങേറും.വൈകിട്ട് 4 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
കേന്ദ്ര കലാസമിതി ജില്ലാ പ്രസിഡണ്ട് കാഞ്ചിയാർ രാജൻ അധ്യക്ഷത വഹിക്കും.സംഗീത നാടക അക്കാദമി അംഗം ആനയടി പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. സംഗീതം, അനുഭവം ആവിഷ്കാരം എന്ന വിഷയത്തിൽ കലാശ്രീ കോട്ടയം വീരമണി പ്രഭാഷണം നടത്തും.നഗരസഭ ചെയർപേഴ്സൺ ബീന ടോമി സമ്മാനദാനം നിർവഹിക്കും.
കേരള സാഹിത്യ അക്കാദമി അംഗം മോബിൻ മോഹൻ,നോവലിസ്റ്റ് പുഷ്പമ,കേന്ദ്ര കലാസമിതി സെക്രട്ടറി എസ്.സൂര്യലാൽ,സംഘാടകസമിതി രക്ഷാധികാരി സിജു ചക്കുംമൂട്ടിൽ തുടങ്ങിയവർ സംസാരിക്കും. ചടങ്ങിൽ ആനയടി പ്രസാദിന്റെ ഓണനിലാവ്,രാജേഷ് വരകുമലയുടെ ഓണപ്പൂവ് എന്നീ മ്യൂസിക്കൽ ആൽബങ്ങളുടെ പ്രകാശനവും നടക്കും.വൈകിട്ട് 6 മണിക്ക് തുടർന്ന് പ്രശസ്ത സംഗീതജ്ഞൻ ഹരികൃഷ്ണൻ മൂഴിക്കുളവും സംഘവും അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും മ്യൂസിക് ക്ലബ്ബ് അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും.
വാർത്താ സമ്മേളനത്തിൽ കേന്ദ്ര കലാസമിതി പ്രസിഡൻ്റ് കാഞ്ചിയാർ രാജൻ, സെക്രട്ടറി എസ്.സൂര്യലാൽ,മർച്ചൻസ് യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സിജോ മോൻ ജോസ്,നഗരസഭ കൗൺസിലർ പ്രശാന്ത് രാജു,റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന അപ്ടൗൺ പ്രസിഡൻ്റ് പ്രദീപ് എസ്.മണി,ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡൻ്റ് സിജോ എവറസ്റ്റ്, ചിരി ക്ലബ് ജനറൽ സെക്രട്ടറി അശോക് ഇലവന്തിക്കൽ,കല സെക്രട്ടറി വിപിൻ വിജയൻ, സി.സി ജോമോൻ,ബിജോയി സ്വരലയ,കലാമണ്ഡലം ഹരിത, എം.ആർ രാഗസുധ എന്നിവർ പങ്കെടുത്തു.