പട്ടയ-ഭൂപ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിന്‍
ഇടുക്കി നിയോജക മണ്ഡലം പട്ടയ അസംബ്ലി ചേര്‍ന്നു
അര്‍ഹരായ എല്ലാവരുടെയും പട്ടയ-ഭൂപ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഇടുക്കി നിയോജക മണ്ഡല പട്ടയ അസംബ്ലിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടയമിഷന്റെ ഭാഗമായാണ് സംസ്ഥാനവ്യാപകമായി എല്ലാ നിയോജക മണ്ഡലങ്ങളിലും പട്ടയ അസംബ്ലി സംഘടിപ്പിക്കുന്നത്. കഞ്ഞിക്കുഴി, വാഴത്തോപ്പ് പഞ്ചായത്തുകളിലെ പട്ടയപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ സര്‍വേയില്‍ വാത്തിക്കുടി പഞ്ചായത്തില്‍ ലാന്‍ഡ് രജിസ്റ്ററിലെ കൈവശക്കാരുടെ പേര് ചേര്‍ക്കുന്നില്ലായെന്ന പരാതിയില്‍ ലാന്‍ഡ് രജിസ്റ്ററിലേത് പോലെ തന്നെ ചേര്‍ക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ പരാതി ഉയര്‍ന്ന മേഖലകളിലെല്ലാം സമാനമായ നടപടി സ്വീകരിച്ചു. കോളനികളിലെ പട്ടയ വിഷയം പ്രത്യേകമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി നിയോജക മണ്ഡലത്തില്‍ 8522 പട്ടയ അപേക്ഷകളിലാണ് തീര്‍പ്പ് കല്‍പ്പിക്കാനുള്ളത്. ഇവയിലെ തല്‍സ്ഥിതി ഗുണഭോക്താക്കള്‍ക്ക് അതാത് വില്ലേജ് ഓഫീസില്‍ നേരിട്ട് അന്വേഷിക്കാനുള്ള സംവിധാനമൊരുക്കും. വില്ലേജ്-പഞ്ചായത്ത് തലത്തില്‍ പൊതുവായി നേരിടുന്ന പട്ടയപ്രശ്നങ്ങളാണ് ത്രിതലപഞ്ചായത്ത് പ്രതിനിധികളില്‍ നിന്ന് അസംബ്ലിയില്‍ ഉയര്‍ന്നത്. ലാന്‍ഡ് അസസ്മെന്റ് കമ്മിറ്റിക്ക് മുമ്പ് പഞ്ചായത്ത് പ്രതിനിധികളുടെ യോഗം ചേര്‍ന്ന് അഭിപ്രായങ്ങളും ആശങ്കകളും പങ്കുവെക്കാമെന്ന് പട്ടയ അസംബ്ലിയില്‍ തീരുമാനിച്ചു. ലൈഫ് മിഷന്‍ വീട് വെക്കുന്നതുമായി ബന്ധപ്പെട്ട് കൈവശരേഖ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് കൈവശരേഖ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. ലൈഫ് മിഷനില്‍ വീട് നിര്‍മ്മിക്കുന്നതിലെ പട്ടയ-ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക എല്‍എ കമ്മിറ്റി ചേരാനും യോഗം തീരുമാനിച്ചു. സി.എച്ച്.ആര്‍ പട്ടയ വിഷയങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിച്ചു വരികയാണ്. കാമാക്ഷി, പൊന്‍മുടി, മുതിരപ്പുഴ, പതിപ്പള്ളി, കോഴിമല, പാമ്പാടിക്കുഴി, കല്യാണത്തണ്ട്, അഞ്ചുരുളി തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ പൊതുവായ പട്ടയ വിഷയങ്ങളും അസംബ്ലിയില്‍ ഉയര്‍ന്നു. ഇത്തരം പൊതുവായ പട്ടയ വിഷയങ്ങള്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
പട്ടയ അസംബ്ലിക്ക് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് സ്വാഗതം പറഞ്ഞു. സബ് കളക്ടര്‍ ഡോ.അരുണ്‍ എസ് നായര്‍, ഡെപ്യൂട്ടി കളക്ടര്‍ മനോജ് കെ, ഇടുക്കി തഹസില്‍ദാര്‍ ഡിക്സി ഫ്രാന്‍സിസ്, ജനപ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.