ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ P. ജയലക്ഷ്മിയെ തിരഞ്ഞെടുത്തു
ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ P. ജയലക്ഷ്മിയെ തിരഞ്ഞെടുത്തു.ഇതോടെ ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐയില്‍ നിന്നുള്ള ആനന്ദറാണി ദാസായിരുന്നു മുമ്പ് പ്രസിഡന്റ്. ഇവര്‍ ദിവസങ്ങള്‍ക്ക് മുമ്പ് രാജി വച്ചതിനെ തുടര്‍ന്നാണ് ദേവികുളം ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.പുതിയ പ്രസിഡന്റായി എല്‍ഡിഎഫിലെ പി ജയലക്ഷ്മിയെ തിരഞ്ഞെടുത്തു.8 അംഗങ്ങളുടെ പിന്തുണ ജയലക്ഷ്മിക്ക് ലഭിച്ചു.ജാക്വിലിന്‍ മേരിയായിരുന്നു കോണ്‍ഗ്രസില്‍ നിന്നുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. ഇവര്‍ക്ക് 4 അംഗങ്ങളുടെ പിന്തുണ ലഭിച്ചു. ആകെ രേഖപ്പെടുത്തിയ 13 വോട്ടുകളില്‍ ഒരു വോട്ട് അസാധുവായി.പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജയലക്ഷ്മി സിപിഐ പ്രതിനിധിയാണ്. ധാരണപ്രകാരം മുമ്പ് പ്രസിഡന്റായിരുന്ന ആനന്ദറാണി ദാസിനോട് പ്രസിഡന്റ് പദവി രാജി വയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദ്ദമേറിയതോടെ ഇവര്‍ ഐ എന്‍ റ്റി യു സിയില്‍ ചേര്‍ന്ന് കോണ്‍ഗ്രസ് പക്ഷത്തേക്ക് ചാഞ്ഞു.ഇവര്‍ക്കൊപ്പം മാങ്കുളം ഡിവിഷനില്‍ നിന്നുള്ള ബ്ലോക്ക് പഞ്ചായത്തംഗം പ്രവീണ്‍ ജോസും ഐ എന്‍ റ്റി യു സിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു.
ഭരണം പിടിക്കാന്‍ മുന്നണികള്‍ ചരടുവലികള്‍ നടത്തുന്നതിനിടെ സെവന്‍മല ഡിവിഷനില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് അംഗം എ ഐ റ്റി യു സിയില്‍ ചേര്‍ന്ന് ഇടതുപാളയത്തിലേക്ക് എത്തി. ഇതിനിടെ ഐ എന്‍ റ്റി യു സിയില്‍ ചേര്‍ന്ന് പ്രവീണും തന്റെ നിലപാട് തിരുത്തി സിപിഐക്കൊപ്പം തന്നെ പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചു.തുടര്‍ന്ന് ആനന്ദറാണി ദാസിനെതിരെ എല്‍ഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നൽകുകയായിരുന്നു. ഇതോടെ ആനന്ദറാണി ദാസ് സ്ഥാനമൊഴിഞ്ഞു.ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആനന്ദറാണി ദാസും എല്‍ഡിഎഫിനൊപ്പം നിന്നു.ദേവികുളം സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മയായിരുന്നു വരണാധികാരി.