ഹൈറേഞ്ചിന്‍റെ കാര്‍ഷിക വിദ്യാലയം എന്നറിയപ്പെടുന്ന രാജാക്കാട് പഴയവിടുതി ഗവ. യു പി സ്കൂളില്‍ ഇത്തവണയും അധ്യയന വര്‍ഷം ആരംഭിച്ചതോടെ വിദ്യാര്‍ത്ഥികളുടെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി

കാര്‍ഷിക കേരളത്തിന് അഭിമാനമാണ് സംസ്ഥാനത്തെ തന്നെ മികച്ച സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നായ രാജാക്കാട് പഴയവിടുതി ഗവ. യു പി സ്കൂള്‍. പാഠ്യ വിഷയങ്ങള്‍ക്കൊപ്പം പാഠ്യേതര വിഷയങ്ങളിലും കുട്ടികളെ വളര്‍ത്തിയെടുക്കുന്നതില്‍ വിവിധ പദ്ധതികളാണ് സ്കൂളില്‍ നടപ്പിലാക്കി വരുന്നത്. ഒപ്പം ഓരോ കുട്ടിയേയും നല്ല കര്‍ഷകരാക്കി മാറ്റുകകൂടിയാണ് ഈ ഹരിത വിദ്യാലയം.
കൃഷി വായിച്ചറിയേണ്ടതല്ല. മറിച്ച് അത് അനുഭവ പാഠത്തിലൂടെ പഠിക്കേണ്ടതാണ്. കൃഷിയുടെ പ്രാധാന്യവും ജൈവ കൃഷി രീതിയും കുട്ടികള്‍ പഠിക്കുന്നത് കൃഷി ചെയ്ത് തന്നെയാണ്. അതുകൊണ്ട് തന്നെ പഴയവിടുതി യു പി സ്കൂളില്‍ നിന്നും പഠിച്ചിറങ്ങുന്ന ഓരോ കുട്ടിയും മികച്ച കുട്ടികര്‍ഷകര്‍ കൂടിയാണ്. സ്കൂളില്‍ കൃഷി ആരംഭിക്കുന്നത് മുതല്‍ കുട്ടികള്‍ വീടുകളിലും കൃഷി ആരംഭിക്കും. അതിന്‍റെ തുടക്കമാണ് ഈ അധ്യായന വര്‍ഷാ ആരംഭത്തില്‍ സ്കൂളിലെ മഴ മറയ്ക്കുള്ളില്‍ ആരംഭിച്ചിരിക്കുന്നത്.
ഓണക്കാലത്തെ ലക്ഷ്യം വച്ചുള്ള പച്ചക്കരി കൃഷിയാണ് ആരംഭിച്ചിരിക്കുന്നത്. തികച്ചും ജദൈവ രീതിയില്‍ കുട്ടികള്‍ തന്നെ പരിപാലിച്ച് ഉണ്ടാക്കുന്ന പച്ചക്കറികള്‍ കൊണ്ടാണ് എല്ലാ വര്‍ഷവും ഉച്ചഭക്ഷണത്തിനുള്ള കറികളായി വിളമ്പുന്നത്. ഉച്ചഭക്ഷണത്തിന് എടുത്തതിന് ശേഷം ബാക്കിയുള്ളവ കുട്ടികള്‍ക്ക് വീടുകളിലേയ്ക്കും കൊടുത്തയക്കും. അതിന് ശേഷവും ഉള്ളവ കുട്ടികള്‍ തന്നെ സ്കൂളില്‍ നടത്തുന്ന ആഴ്ച ചന്തയില്‍ വില്‍പ്പന നടത്തും.
ഇതില്‍ നിന്ന് കിട്ടുന്ന വരുമാനം ഉപയോഗിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തും അങ്ങനെ എല്ലാ തരത്തിലും ഓരു മാതൃകയാണ് കുടിയേറ്റ ചരിത്രം നിറഞ്ഞ് നില്‍ക്കുന്ന ഈ വിദ്യാലയം. പ്രധാന അധ്യാപകന്‍ ആസാദ്, അധ്യാപകനായ ജോഷി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള അദ്യാപകരും പി ടി എ ഭാരവാഹികളുമാണ് കുട്ടി കര്‍ഷകരുടെ കൃഷിക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കുന്നത്.