തൊഴിലാളി ലയത്തിൻ്റെ മേൽക്കൂര തകർന്ന് വീണ് മൂന്ന് പേർക്ക് പരിക്കേറ്റു

തൊഴിലാളി ലയത്തിൻ്റെ മേൽക്കൂര തകർന്ന് വീണ് മൂന്ന് പേർക്ക് പരിക്കേറ്റു. ഏലപ്പാറയിലുള്ള പീരുമേട് വുഡ്ലാൻഡ് എസ്റ്റേറ്റ് ലയത്തിന്റെ മേൽക്കൂരയിലെ ഓടിളകി താഴേയ്ക്ക് വീഴുകയായിരുന്നു. ക്രിസ്തുമണി എന്ന തൊഴിലാളിയുടെ ലയത്തിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ക്രിസ്തുമണിയുടെ മകൻ പ്രവീൺ, ബന്ധുക്കളായ അക്ഷയ്, അജിത് എന്നിവർക്കാണ് പരിക്കേറ്റത്.
ഇവർ ഉറങ്ങിക്കിടന്നപ്പോഴായിരുന്നു മേൽക്കൂരയിലെ ഓട് താഴേക്ക് പതിക്കുകയായിരുന്നു. ആരുടെയും പരിക്ക് സാരമുള്ളതല്ല.കാലപ്പഴക്കത്താൽ ലയത്തിൻ്റെ മേൽക്കൂര പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായിട്ട് ഏറെ നാളായി. മേൽക്കൂരയുടെ പല ഭാഗങ്ങളും മഴവെള്ളം ഒലിച്ച് തകരാറിലായി കിടക്കുന്നതിനാൽ ഇനിയും അപകടമുണ്ടാകാൻ സാധ്യത ഏറെയാണെന്ന് ഇവിടുത്തെ താമസക്കാരായ തൊഴിലാളികൾ പറഞ്ഞു.