ഏലപ്പാറയിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം രംഗത്ത്

പതിനൊന്നാം തീയതിയാണ് തണ്ണിക്കാനം സ്വദേശി ഷക്കീർ ഹുസൈനെ ഏലപ്പാറ ടൗണിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ആറേ മുക്കാലോടെയാണ് ഷക്കീറിൻറെ കാർ വാഗമൺ റോഡിലെ കടക്കു മുന്നിൽ പാർക്കു ചെയ്തത്. സുഹൃത്താണ് കാർ ഓടിച്ചിരുന്നത്. ശനിയാഴ്ച രാവിലെ വീട്ടിൽ നിന്നും പോയ ഷക്കീറിനെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചെത്തിയ സഹോദരനാണ് വഴിയരികിൽ പാർക്കു ചെയ്തിരിക്കുന്ന കാർ കണ്ടത്.
തുറന്നു നോക്കിയപ്പോൾ ഷക്കീറിനെ പിൻസീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വാഹനത്തിൽ രക്തക്കറയുള്ളതും ഷക്കിറിന്റെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയതുമാണ് കുടുംബത്തിൻറെ സംശയത്തിന് കാരണമായത്.
ശ്വാസതടസ്സത്തെ തുടർന്നാണ് ഷക്കീർ മരിച്ചതെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. ഛർദ്ദിച്ചപ്പോൾ ആഹാരത്തിൻറെ അവശിഷ്ടം ശ്വാസനാളത്തിൽ കുടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. സംഭവ ദിവസം ഇയാൾ സംഘം ചേർന്നു മദ്യപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. . വെള്ളിയാഴ്ച വാഗമൺ പാലൊഴുകുംപാറയിൽ വെച്ച് ഇയാൾക്ക് മർദനമേറ്റിരുന്നു. ഈ രണ്ടു സംഭവങ്ങളിലും ഉൾപ്പെട്ടവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.