കാഴ്ചകളുടെ കലവറയായ അഞ്ചുരുളി മുനമ്പ് ഇനി സഞ്ചാരികൾക്ക് കാഴ്ചാവിരുന്ന് ഒരുക്കും

May 14, 2025 - 16:43
May 14, 2025 - 16:45
 0
കാഴ്ചകളുടെ കലവറയായ അഞ്ചുരുളി മുനമ്പ് ഇനി സഞ്ചാരികൾക്ക് കാഴ്ചാവിരുന്ന് ഒരുക്കും
This is the title of the web page

 സഞ്ചാരികളുടെ കാണാമറയത്ത് നിന്നിരുന്ന പ്രകൃതി ഭംഗിയുടെ നിധിയിലേക്ക് കവാടം തുറന്നു. അഞ്ചുരുളി മുനമ്പ് ഇനി സഞ്ചാരികൾക്ക് തൊട്ടറിഞ്ഞ് ആസ്വദിക്കാം. അഞ്ചുരുളി ജലാശയത്തിന്റെ തെക്കേക്കരയിലാണ് മുനമ്പ് സ്ഥിതി ചെയ്യുന്നത്. കട്ടപ്പന കാഞ്ചിയാർ പള്ളിക്കവലയിൽ നിന്നും പേഴും കണ്ടം റോഡിൽ കൂടി ഏകദേശം രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ തേക്കിൻ കൂപ്പ് എത്തും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 അവിടെയാണ് മുനമ്പിലേക്കുള്ള പ്രവേശന കവാടം. പിന്നീട് സഞ്ചാരികളെ ആദ്യം ആകർഷിക്കുന്നത് കാനന പാതയാണ്. ഏകദേശം മുക്കാൽ കിലോമീറ്റർ ഓളം വനത്തിലൂടെ കാൽനടയായി സഞ്ചരിക്കണം. പ്രകൃതി ഒരുക്കിയ നിരവധി കൗതുകങ്ങൾ കണ്ടുകൊണ്ടുള്ള യാത്ര തുടക്കം മുതലേ ഏതൊരാൾക്കും ഏറെ ആസ്വാദ്യകരമാണ്.

 കാനന പാതകൾ താണ്ടി എത്തുന്നത് പ്രകൃതി ഒരുക്കിയ വിസ്മയകാഴ്ചകളുടെ കലവറയിലേക്കാണ്. പച്ചപ്പു വിരിച്ച് നീണ്ടുകിടക്കുന്ന മുനമ്പിന്റെ മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുകയാണ്. ഇതിലൂടെ നടന്നു ചെല്ലുന്നത് കടലിന് സമാനമായി അനുഭൂതി പകരുന്ന അഞ്ചുരുളി മുനമ്പിലാണ്.ഓളം തല്ലുന്ന വെള്ളം തിരമാലുകളുടെ പ്രതീതിയാണ് ജനിപ്പിക്കുന്നത്.

അതോടൊപ്പം പൂർവികരുടെ മൃതദേഹങ്ങൾ അടക്കം ചെയ്തതിന്റെ അടയാളങ്ങൾ എന്ന് വിശ്വസിക്കുന്ന മുനിയറകളുടെ ശേഷിപ്പുകൾ ഇവിടെ കാണാൻ സാധിക്കും. കൂടാതെ നിരവധി നന്നങ്ങാടികളും ഇവിടെനിന്ന് ലഭിച്ചിട്ടുണ്ട്. ഇവിടെ പ്രാചീന മനുഷ്യർ വസിച്ചു എന്നതിന്റെ തെളിവുകളും അഞ്ചുരുളി മുനമ്പ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നു. അതോടൊപ്പം അഞ്ചുരുളി തുരങ്കത്തിൽ നിന്നുള്ള വെള്ളച്ചാട്ടവും, ഇടുക്കി വന്യജീവി സങ്കേതത്തിന്റെ വിവിധ ഭാഗങ്ങളും, കരടിയള്ള് എന്നറിയപ്പെടുന്ന ഗുഹയുമെല്ലാം ഇവിടുത്തെ കാഴ്ചകളാണ് നോക്കത്താ ദൂരം കിടക്കുന്ന അഞ്ചുരുളി ജലാശയത്തിന്റെ കാഴ്ച ഏറെ അനുഭൂതി പകരുന്നു.

 മേഖലയിൽ നിരവധിയാളുകൾ എത്തുകയും അപകടങ്ങൾ ഉണ്ടാവുകയും ചെയ്തതോടെ വനം വകുപ്പ് ഇവിടെക്കുള്ള സന്ദർശനം വിലക്കിയിരുന്നു. എന്നാൽ ചിലർ വിലക്കുകൾ ലംഘിച്ച് മേഖലയിൽ അതിക്രമിച്ചു കയറുന്നത് തുടർച്ചയായി. സാമൂഹ്യവിരുദ്ധരായവർ മാലിന്യത്താലും ഈ മേഖലയേ വികൃതമാക്കിയിരുന്നു. കൂടാതെ മേഖലയിലെ അപകടാവസ്ഥയും ആളുകൾക്ക് ഇവിടേയ്ക്ക് വിലക്കേർപ്പെടുത്തുന്നതിന് കാരണമായി.

 നിരവധി വിനോദസഞ്ചാരികൾ ഉൾപ്പെടെ ഇവിടെ എത്താൻ തുടങ്ങിയതോടെ പലപ്പോഴും വനംവകുപ്പിന് ഇത് നിയന്ത്രിക്കാൻ സാധിക്കുന്നതിനും അപ്പുറത്തേക്ക് എത്തി. ഈ സാഹചര്യമാണ് ഇവിടെ പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതി നടപ്പിലാക്കണമെന്ന ആശയത്തിലേക്ക് വനപാലകരെ എത്തിച്ചത്. തുടർന്ന് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കാൻ ഉന്നത അധികാരികൾ അനുമതി നൽകി.

 കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴികാട്ടിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. 10 പേരടങ്ങുന്ന എസ് എ ജി രൂപീകരിച്ച് അതിന്റെ പിന്തുണയോടെ കൂടിയാണ് പദ്ധതി നടപ്പിലാക്കുക. മുനമ്പ് കാണാനെത്തുന്നവർക്ക് സുരക്ഷ ഒരുക്കാൻ നാല് ഗൈഡുമാർ ഉൾപ്പെടെ മേഖലയിൽ ഉണ്ടാകും.

കൂടാതെ നിർദ്ദേശങ്ങൾ ഉൾപ്പെടെ ടിക്കറ്റ് കൗണ്ടറുകളിൽ നിന്നും നൽകും. രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചുമണി വരെയാണ് ആളുകൾക്ക് തുരത്തിലേക്ക് സന്ദർശനം അനുവദിച്ചിട്ടുള്ളത്. ഉദ്ഘാടന യോഗത്തിൽ പ്രദേശവാസികൾ വനം വകുപ്പ് ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow