ടെസ്റ്റിൽ കിങ് കിരീടമഴിച്ചു; വിരമിക്കൽ പ്രഖ്യാപനവുമായി കോഹ്‌ലി

ടെസ്റ്റ് ക്രിക്കൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് കോഹ്‌ലി വിരമിക്കൽ തീരുമാനം പുറത്തുവിട്ടത്. ക്യാപ്‌റ്റൻ രോഹിത് ശർമയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെയാണ് കോഹ്‌ലിയും ടെസ്റ്റിൽ നിന്ന് പടിയിറങ്ങിയത്. 14 വർഷം നീണ്ട ടെസ്റ്റ് ക്രിക്കറ്റിലെ ഇതിഹാസ കരിയറിനാണ് കോഹ്‌ലി വിരാമമിട്ടിരിക്കുന്നത്.
ഇന്ത്യയ്ക്കായി 123 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ താരത്തിന്റെ ബാറ്റിൽ നിന്ന് 30 സെഞ്ച്വറികളുൾപ്പെടെ 9230 റൺസാണ് ആകെ പിറന്നത്. ഇന്ത്യയെ ഏറ്റവും കുടുതൽ ടെസ്റ്റ് ജയങ്ങളിൽ നയിച്ച ക്യാപ്റ്റനും കോഹ്‌ലിയാണ്. ടെസ്റ്റിൽ ഏറ്റവും കുടുതൽ ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡും ഈ ഡൽഹിക്കാരന്റെ പേരിൽ തന്നെ. ഏഴ് ഇരട്ട സെഞ്ചുറികളാണ് കോഹ്‌ലിയുടെ ബാറ്റിൽ നിന്ന് പിറന്നത്.
മികച്ച ഫീൽഡർ കൂടിയായ കോഹ്‌ലി ടെസ്റ്റിൽ നിന്ന് മാത്രം 121 ക്യാച്ചുകൾ കെെപ്പിടിയിലാക്കിയിട്ടുണ്ട്. 2011ൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു വിരാട് കോഹ്‌ലിയുടെ ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റം. ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയാണ് താരത്തിന്റെ അവസാന പരമ്പര. ഇപ്പോൾ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ടീം പ്രഖ്യാപിക്കാനിരിക്കെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.