സൈറണ്‍ മുഴങ്ങും; സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മോക് ഡ്രില്‍

സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ഇന്ന് (ബുധന്‍) മോക് ഡ്രില്‍ നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് മോക് ഡ്രില്‍ നടത്തുന്നത്. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് മോക് ഡ്രില്‍ ആരംഭിക്കുക.പൊതുജനങ്ങളും മുഴുവന്‍ സ്ഥാപന-സംഘടനകളും മോക് ഡ്രില്ലുമായി സഹകരിക്കണമെന്ന് നിര്‍ദേശമുണ്ട്. മോക് ഡ്രില്ലുകള്‍ നിയന്ത്രിക്കുന്നതിനായി എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും മറ്റ് പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റേതാണ് നിര്‍ദേശം. സംസ്ഥാന പൊലീസ് മേധാവി, ഫയര്‍ ഫോഴ്സ് മേധാവി, റവന്യൂ വകുപ്പ് സെക്രട്ടറി, ജില്ലാ കളക്ടര്‍മാര്‍ പങ്കെടുത്ത യോഗത്തിലാണ് സംസ്ഥാനത്തുടനീളമായി മോക് ഡ്രില്‍ നടത്താന്‍ തീരുമാനമായത്.വാര്‍ഡ് തലത്തില്‍ റസിഡന്‍സ് അസോസിയേഷനുകളും പഞ്ചായത്തുകളും മോക് ഡ്രില്‍ വാര്‍ഡന്മാരെ നിയോഗിക്കുക,
എല്ലാ പ്രദേശവാസികളിലേക്കും സിവില്‍ ഡിഫന്‍സ് ബ്ലാക്ക്ഔട്ട് നിര്‍ദേശങ്ങള്‍ എത്തിക്കുക, ആവശ്യമെങ്കില്‍ ആരാധനാലയങ്ങളിലെ അനൗണ്‍സ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗിക്കുക, സ്‌കൂളുകളിലും ബേസ്‌മെന്റുകളിലും കമ്മ്യൂണിറ്റി ഹാളുകളിലും മറ്റ് പ്രധാന ഇടങ്ങളിലും പ്രഥമശുശ്രൂഷ കിറ്റുകള്‍ തയ്യാറാക്കുക, ബാറ്ററി/സോളാര്‍ ടോര്‍ച്ചുകള്‍, ഗ്ലോ സ്റ്റിക്കുകള്‍, റേഡിയോ എന്നിവ കരുതുക, സൈറണ്‍ മുഴങ്ങുമ്പോള്‍ എല്ലായിടങ്ങളിലെയും (വീടുകള്‍, ഓഫീസുകള്‍, മറ്റു സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ) അകത്തെയും പുറത്തെയും ലൈറ്റുകള്‍ ഓഫ് ചെയ്യുക,
വീടുകളിലും പ്രഥമശുശ്രൂഷ കിറ്റുകള്‍ തയ്യാറാക്കുക, ഇതില്‍ മരുന്നുകള്‍, ടോര്‍ച്ച്, വെള്ളം, ഡ്രൈ ഫുഡ് എന്നിവ ഉള്‍പ്പെടുത്തുക, വീടിനുള്ളിലെ ഏറ്റവും സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്തുക, ബ്ലാക്ക് ഔട്ട് സമയത്ത് അവിടേക്ക് മാറുക, എല്ലാ കുടുംബാംഗങ്ങളും ‘ഫാമിലി ഡ്രില്‍’ നടത്തുക, സൈറണ്‍ സിഗ്‌നലുകള്‍ മനസിലാക്കുക, ദീര്‍ഘമായ സൈറണ്‍ മുന്നറിയിപ്പാണെന്നും ചെറിയ സൈറണ്‍ സുരക്ഷിതമാണെന്ന അറിയിപ്പുമാണെന്നും തിരിച്ചറിയുക, പൊതുസ്ഥലങ്ങളില്‍ നില്‍ക്കുന്നവര്‍ സുരക്ഷയ്ക്കായി അടുത്തുള്ള കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് മാറാന്‍ ശ്രമിക്കുക,
ഔദ്യോഗിക വിവരങ്ങള്‍ മനസിലാക്കുന്നതിനായി റേഡിയോ/ടി.വി എന്നിവ ഉപയോഗിക്കുക, തീപിടിത്ത മൊഴിവാക്കാന്‍ ബ്ലാക്ക്ഔട്ട് സൈറണ്‍ കേള്‍ക്കുമ്പോള്‍ തന്നെ ഗ്യാസ്/വൈദ്യുത ഉപകരണങ്ങള്‍ ഓഫ് ചെയ്യുക, ഈ സമയത്ത് കുട്ടികളുടെയും വളര്‍ത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണുള്ളത്.പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മോക് ഡ്രില്‍ നടത്താന്‍ തീരുമാനമായത്.
ഏപ്രില്‍ 22ന് വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്ന് പാകിസ്ഥാനെതിരായ നിലപാട് ഇന്ത്യ കടുപ്പിച്ചിരുന്നു.പിന്നാലെ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ ആണവ ഭീഷണി അടക്കം ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മോക് ഡ്രില്‍ നടപടി.ഇതിനുപുറമെ രാജ്യതലസ്ഥാനമായ ദല്‍ഹി, ആണവ നിലയങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍,
റിഫൈനറികള്‍, ജലവൈദ്യുത പദ്ധതികള്‍ എന്നിവിടങ്ങളിലടക്കം മോക് ഡ്രില്‍ നടക്കും.വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കുക, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്ക് അടിസ്ഥാന സിവില്‍ ഡിഫന്‍സ് സാങ്കേതികവിദ്യകളില്‍ പരിശീലനം നല്‍കുക, ജനങ്ങളെ ഒഴിപ്പിച്ച് റിഹേഴ്‌സല്‍ നടത്തുക,
അടിയന്തര ബ്ലാക്ക്ഔട്ട് പ്രോട്ടോക്കോളുകള്‍ നടപ്പിലാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്.അതേസമയം വരും ദിവസങ്ങളിൽ ഇന്ത്യന്‍ വ്യോമസേന അഭ്യാസ പ്രകടനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. സൗത്ത് വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിന് കീഴിലാണ് പരിശീലനം. രാജസ്ഥാനിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ അഭ്യാസ പ്രകടനം നടക്കുക.