പരിശുദ്ധ പിതാവ് ലോകത്തിലെ എല്ലാ നേതൃത്വങ്ങള്‍ക്കും ഉദാത്ത മാതൃക; മന്ത്രി റോഷി അഗസ്റ്റിൻ

ലാളിത്യം കൊണ്ടും സഹജമായ സൗമ്യഭാവം കൊണ്ടും ജനഹൃദയങ്ങളെ കീഴടക്കിയ അതുല്യ മനുഷ്യസ്‌നേഹിയുടെ വേര്‍പാട് മാനവരാശിക്കു തന്നെ തീരാനഷ്ടമാണ്. അദ്ദേഹത്തെക്കുറിച്ചുള്ള ദീപ്ത സ്മരണകള്‍ കൊണ്ട് എന്റെ ഉള്ളുതിളയ്ക്കുകയാണ്. ലോകത്തിലെ എല്ലാ നേതൃത്വങ്ങള്‍ക്കും ഉദാത്ത മാതൃകയാണ് പരിശുദ്ധ പിതാവ്. എല്ലാ അധികാര കേന്ദ്രങ്ങളും കണ്ടു പഠിക്കാനുള്ള പാഠപുസ്തകമായി അദ്ദേഹം എക്കാലവും നിലകൊള്ളും.
കേവലം വാക്കുകള്‍ കൊണ്ട് അടയാളപ്പെടുത്താവുന്നതല്ല അദ്ദേഹത്തിന്റെ ആചാര്യ ശുശ്രൂഷ. ഒരു പുരുഷായുസ് മുഴുവന്‍ ദൈവ വേലയ്ക്ക് സ്വയം സമര്‍പ്പിക്കുകയും ആ ശുശ്രൂഷയിലേക്ക് അനേകായിരങ്ങളെ ആനയിക്കുകയും ചെയ്തതിന്റെ ആത്മസംതൃപ്തിയോടെയാണ് അദ്ദേഹം സ്വര്‍ഗീയനാകുന്നത്.
മതിലുകളില്ലാത്ത സ്‌നേഹത്തിന്റെ ആള്‍രൂപമായി തലമുറകളിലേക്ക് പടരുന്ന നിതാന്ത സാന്നിധ്യമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. തന്റെ മുന്‍ഗാമികളില്‍ നിന്ന് വേറിട്ട് സാമ്പ്രദായിക രീതികളില്‍ നിന്നു വ്യതിചലിച്ച് സഭയുടെ നവീകരണത്തിന് ഉറച്ച നിലപാടുകള്‍ പരിശുദ്ധ പിതാവ് സ്വീകരിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്.
പാവങ്ങളോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും മതമോ ഭാഷയോ നോക്കാതെ താദാത്യമപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മതങ്ങള്‍ക്ക് അതിതീമായി മനുഷ്യരെ ഒന്നിപ്പിക്കുന്ന സ്‌നേഹത്തിന്റെ 'വിരിഞ്ഞ കൈകള്‍' സ്വര്‍ഗത്തിലെ പിതാവിന്റെ ഭൂമിയിലെ യഥാര്‍ത്ഥ പ്രതിനിധിയാക്കി അദ്ദേഹത്തെ മാറ്റി.
കാലാവസ്ഥാ വ്യതിയാനം, വധശിക്ഷ, അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടി നിരന്തരം ഉയര്‍ത്തിയ ശബ്ദം... ഇതൊക്കെ അദ്ദേഹത്തെ ലോകത്തിനു മുഴുവന്‍ പ്രിയങ്കരനാക്കി. സ്ത്രീകള്‍ക്ക് സഭയില്‍ കൂടുതല്‍ മെച്ചപ്പെട്ട സ്ഥാനം നല്‍കുക വഴി വിപ്ലവകരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടു. ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള കരുണയോടുള്ള നടപടികള്‍, സഭ എല്ലാവരെയും കേള്‍ക്കുന്ന മനസ്സ് പുലര്‍ത്തണമെന്ന് അദ്ദേഹം നിരന്തരമായി ഓര്‍മിപ്പിച്ചു.
ഗാസ അദ്ദേഹത്തിന്റെ മനസ്സില്‍ വേദനയായി നിലകൊണ്ടു. ഇന്ത്യയോടും പ്രത്യേകിച്ച് മലയാളികളോടും എന്നും പ്രത്യേക സ്‌നേഹം പുലര്‍ത്തിയിരുന്ന പരിശുദ്ധ പിതാവിന്റെ ഓര്‍മകള്‍ നമ്മളെ എന്നും പ്രചോദിപ്പിക്കട്ടെ എന്ന് പ്രാര്‍ഥിക്കുകയാണ്. കാരുണ്യത്തിന്റെ മഹാപിതാവിന്റെ വേര്‍പാടില്‍ ലോകം കേഴുമ്പോള്‍ ആ വേദനിയില്‍ ഞാനും പങ്കുചേരുകയാണ്.