സർക്കാരിൻ്റെ വാർഷികാഘോഷം; ഏപ്രിൽ 28ന് യു ഡി എഫിൻ്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ റാലിയും പ്രതിഷേധ കൂട്ടായ്മയും

മുഖ്യമന്ത്രി പിണറായി വിജയന്റെ ഒൻപത് വർഷത്തെ ദുർഭരണം മൂലം ഇടുക്കി ജില്ലയിലെ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളിലും പീഡനങ്ങളിലും ജനങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നതിന് ഏപ്രിൽ 28ന് കട്ടപ്പനയിൽ പ്രതിഷേധ റാലിയും പ്രതിഷേധ കൂട്ടായ്മയും നടക്കും. പ്രതിഷേധ പരിപാടി വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തൊടുപുഴ രാജീവ് ഭവനിൽ ചേർന്ന യുഡിഎഫ് ജില്ലാ കമ്മിറ്റി രൂപം നൽകിയതായി ചെയർമാൻ ജോയി വെട്ടിക്കുഴിയും കൺവീനർ പ്രൊഫ: എം. ജെ ജേക്കബും അറിയിച്ചു.
ജില്ലയിലെ സമ്പൂർണ്ണ കെട്ടിട നിർമ്മാണ നിരോധനം, ഇടുക്കി പാക്കേജിന്റെ പേരിലുള്ള ജന വഞ്ചന, പത്ത് ചെയിൻ പ്രദേശത്തെ പട്ടയ നടപടികളുടെ അട്ടിമറി, കോടതി കേസുകളിൽ ഗൂഢാലോചന നടത്തി പട്ടയ നടപടികളുടെ സ്തംഭിപ്പിക്കൽ, മനുഷ്യജീവന് കാട്ടുമൃഗത്തിന്റെ വില പോലും നൽകാത്ത സർക്കാരിന്റെ കിരാത നടപടി എന്നീ വിഷയങ്ങൾ മൂലം ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളും നാടിന്റെ വികസനത്തിനു ഉണ്ടായിരിക്കുന്ന മുരടിപ്പുമാണ് 9 വർഷത്തെ ഇടതുപക്ഷ ഭരണത്തിന്റെ ബാക്കിപത്രമെന്ന് യോഗം അഭിപ്രായപ്പെട്ടു.
യോഗം മുൻ ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റികൾ ഏപ്രിൽ 21ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നെടുംകണ്ടം, 22ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് അടിമാലി, നാലുമണിക്ക് തൊടുപുഴ, 23ന് രാവിലെ 11 മണിക്ക് കട്ടപ്പന, മൂന്നു മണിക്ക് പീരുമേട് എന്നീ ക്രമത്തിൽ കൂടുന്നതിന് തീരുമാനിച്ചു. യോഗത്തിൽ കെ എം എ ഷുക്കൂർ, സുരേഷ് ബാബു, എം കെ പുരുഷോത്തമൻ, ഒ ആർ ശശി, കെ എ കുര്യൻ, ടി വി പാപ്പു, രാജു മുണ്ടയ്ക്കാട്ട്, ടി എസ് ഷംസുദ്ദീൻ, എൻ ഐ ബെന്നി എന്നിവർ സംസാരിച്ചു.