ഉപ്പുതറ ഒന്‍പതേക്കറില്‍ കടബാധ്യതയെ തുടര്‍ന്ന് നാലംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തിൽ കട്ടപ്പനയിലെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരുടെ മൊഴിയെടുത്തു

ഉപ്പുതറ ഒന്‍പതേക്കറില്‍ കടബാധ്യതയെ തുടര്‍ന്ന് നാലംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തിൽ കട്ടപ്പനയിലെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരുടെ മൊഴിയെടുത്തു.കല്ലട ജനറൽ ഫിനാൻസിലെ ജീവനക്കാരുടെ ഭീഷണിയെ തുടർന്നാണ് അത്മഹത്യ ചെയ്യുന്നതെന്ന ആത്മഹത്യകുറിപ്പ് ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് ജീവനക്കാരെ ചോദ്യം ചെയ്തത്. കുടുംബത്തിന് മറ്റ് സ്ഥാപനങ്ങളിലും വലിയ കടബാധ്യത ഉണ്ടായിരുന്നതായി പോലീസ് കണ്ടത്തി.
കല്ലട ജനറല്‍ ഫിനാന്‍സിലെ രണ്ട് ജീവനക്കാരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 10ന് വൈകിട്ട് നാലരയോടെ ഒന്‍പതേക്കര്‍ എംസി കവലയ്ക്കു സമീപം പട്ടത്തമ്പലം സജീവ് മോഹനന്‍(36), ഭാര്യ രേഷ്മ(25), മക്കളായ ദേവന്‍(5), ദിയ(4) എന്നിവരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുത്തത്.
സജീവ് ഓട്ടോറിക്ഷ പണയപ്പെടുത്തി ഈ സ്ഥാപനത്തില്‍ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് രണ്ടുതവണ മുടങ്ങിയതിനെ തുടര്‍ന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.എന്നാല്‍ സജീവിനും കുടുംബത്തിനും മറ്റ് കടബാധ്യതകളും ഉണ്ടായിരുന്നതായാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം.
സജീവിന് 11.50 ലക്ഷം രൂപയുടെ കടവും ഭാര്യയ്ക്ക് മറ്റ് സാമ്പത്തിക ബാധ്യതകളുണ്ട്. ഓട്ടോറിക്ഷ മറ്റൊരാള്‍ക്ക് പണയപ്പെടുത്തി പണം വാങ്ങിയതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.കെട്ടിടങ്ങളുടെ നിർമാണത്തിന് ഉപകരാര്‍ എടുത്ത വകയിലും കോഴിക്കച്ചവടം നടത്തിയതിലും സജീവിന് കടബാധ്യതകള്‍ ഉണ്ടെന്നും വിവരമുണ്ട്.