ഉപ്പുതറയിൽ സ്വകാര്യ പണമിടപാടുകാരുടെ ഭീഷണിയിൽ ജീവനൊടുക്കിയ കുടുംബത്തിന് നാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

ഇടുക്കി ഉപ്പുതറയിൽ സ്വകാര്യ പണമിടപാടു കാരുടെ ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയ കുടുംബത്തിന് നാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഉപ്പുതറ ഒമ്പതേക്കർ സ്വദേശി സജീവ് മോഹനൻ, ഭാര്യ രേഷ്മ, മക്കളായ ദേവൻ, ദിയ എന്നിവരെയാണ് ഇന്നലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകിട്ട് വീട്ടിലെത്തിച്ച മൃതദേഹങ്ങളിൽ അന്തിമോപചാരം അർപ്പിക്കാൻ നാടാകെ ഒഴുകിയെത്തി.
സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കുടുംബം ആത്മഹത്യ ചെയ്തത്. 6.30 ഓടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ആദ്യം ദിയയുടെയും പിന്നീട് ദേവൻ്റെയും മൃതദേഹമാണ് വീട്ടിലെത്തിച്ചത് . കുരുന്നുകളുടെ ചലനമറ്റ ശരീരങ്ങൾ കണ്ട് പലരും നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. അതിവൈകാരിക രംഗങ്ങൾക്കാണ് വീട് സാക്ഷ്യം വഹിച്ചത്. നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്നു സജീവും ഭാര്യ രേശ്മയും.
വാഴൂർ സോമൻ എം എൽ എ , ഉപ്പുതറ പഞ്ചായത്ത് പ്രസിഡൻ്റ് ജയിംസ് കെ. ജെ, ജില്ലാപഞ്ചായത്തംഗം ആശാ ആൻ്റെണി,സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ്, സിപിഎം നേതാക്കളായ പി എസ് രാജൻ, സജി ടൈറ്റസ്, കോൺഗ്രസ് നേതാക്കളായ ഷാൽ വി റ്റി, വി കെ കുഞ്ഞുമോൻ, ബി ജെ പി നേതാക്കളായ സന്തോഷ് കൃഷ്ണൻ, ജയിംസ് ജോസഫ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.വീടിന് മുന്നിൽ 4 പേർക്കും അടുത്തടുത്തായാണ ചിതയൊരുക്കിയത്.