കട്ടപ്പനയിലെ അംബേദ്കര്‍- അയ്യന്‍കാളി സ്മൃതിപണ്ഡപത്തിന്റെ പേരിലുള്ള രാഷ്ട്രീയ നാടകം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ദളിത് സംഘടനാ നേതാക്കള്‍ രംഗത്ത്

കട്ടപ്പനയിലെ അംബേദ്കര്‍ അയ്യന്‍കാളി സ്മൃതിപണ്ഡപത്തിന്റെ പേരിലുള്ള രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കണമെന്ന് ദളിത് സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. 2009 ഡിസംബറില്‍ തകര്‍ക്കപ്പെട്ട മണ്ഡപം 15 വര്‍ഷം നീണ്ട സമര, നിയമ പോരാട്ടത്തിലൂടെ ലഭിച്ച കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ ഫണ്ട് ചെലവഴിച്ച് പുനര്‍നിര്‍മിച്ചത്. എന്നാല്‍, ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ ദളിത് വിഭാഗത്തോടുമാത്രമല്ല, പൊതുജനങ്ങളോടുമുള്ള വെല്ലുവിളിയാണ് എന്ന് നേതാക്കൾ പറഞ്ഞു.
മന്ത്രി റോഷി അഗസ്റ്റിന്‍ അനുവദിച്ച ഫണ്ട് ദുര്‍വിനിയോഗം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് രാഷ്ട്രീയ കക്ഷികള്‍ കൂട്ടുനില്‍ക്കുകയാണ്. അംബേദ്കറെയും അയ്യന്‍കാളിയേയും ദളിതരുടെ മാത്രം നേതാവാക്കാന്‍ വേണ്ടിയുള്ള ഗൂഢശ്രമമാണ് ഇപ്പോൾ നടക്കുന്നത്. വേണ്ടത്ര കൂടിയാലോചന ഇല്ലാതെ ഇത്തരം പദ്ധതികളില്‍ നിലപാടുകള്‍ സ്വീകരിക്കുന്നത് അപലപനീയമാണ്.
14ന് രാജ്യമെമ്പാടും അംബേദ്കര്‍ ജന്മദിനം ആഘോഷിക്കാന്‍ തയാറെടുക്കുമ്പോൾ കട്ടപ്പനയിൽ സ്മൃതി മണ്ഡപത്തിന്റെ പേരിൽ ചിലർ വിവാദങ്ങൾ സൃഷ്ടിക്കുന്നു . സ്മൃതി മണ്ഡപ വിഷയത്തില്‍ ദളിത് സംഘടനകളെ ഉള്‍പ്പെടുത്തി സര്‍വകക്ഷിയോഗം ചേര്‍ന്ന് ഫലപ്രദമായ തീരുമാനം സ്വീകരിക്കണമെന്നും സി എസ് രാജേന്ദ്രന്‍, സാജു വള്ളക്കടവ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.