അമൃത് കുടിവെള്ള പദ്ധതിക്കായി മണ്ണെടുത്തതോടെ യാത്രാദുരിതത്തിൽ നാട്ടുകാർ

അമൃത് കുടിവെള്ള പദ്ധതിക്കായി മണ്ണെടുത്തതോടെ യാത്രാദുരിതത്തിൽ നാട്ടുകാർ. കട്ടപ്പന ഇരുപതേക്കർ - പൊതുസ്മാശാനം റോഡിന്റെ വശങ്ങളിലാണ് പൈപ്പ് സ്ഥാപിക്കുന്നതിനായി മണ്ണ് നീക്കിയത്. തുടർന്ന് കഴിഞ്ഞ ദിവസത്തെ വേനൽമഴയിൽ മണ്ണ് ഒലിച്ചു പോവുകയും മലയോര ഹൈവേയിൽ അടക്കം ചെളി നിറഞ്ഞ് യാത്ര ദുരിതം ഉണ്ടാവുകയും ചെയ്തു.
ഏതാനും ദിവസങ്ങൾക്കു മുമ്പാണ് അമൃത് കുടിവെള്ള പദ്ധതിക്ക് പൈപ്പുകൾ ഇടാൻ ഇരപതക്കർ പൊതുസ്മാശാനം റോഡിൽ മണ്ണ് നീക്കിയത്. പൈപ്പ് സ്ഥാപിച്ച ശേഷം മണ്ണ് മൂടുകയും ചെയ്തിരുന്നു. എന്നാൽ ശനിയാഴ്ച ഉണ്ടായ ശക്തമായ വേനൽ മഴയിൽ ഈ മണ്ണ് ഒലിച്ചിറങ്ങി യാത്രക്ലെശം രൂപപ്പെട്ടു.
മണ്ണ് ഒലിച്ചിറങ്ങിയ ഭാഗത്ത് വലിയ ഗർത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് വാഹന യാത്രക്കാർക്ക് ഭീഷണിയാവുന്നതിനൊപ്പം റോഡിന്റെ തകർച്ചയ്ക്കും കാരണമാകുന്നു. അതോടൊപ്പം മലയോര ഹൈവേയിലേക്കാണ് മണ്ണ് ഒലിച്ചിറങ്ങിയത്. ഇതോടെ ഹൈവേയിൽ ചെളി നിറയുകയും യാത്രാദുരിതം ഉണ്ടാവുകയും ചെയ്തു. പരാതിയെ തുടർന്ന് മണ്ണ് ഇളകിപ്പോയ ഭാഗത്ത് മക്കിടുന്ന നടപടികൾ ആരംഭിച്ചു.
മഴ ശക്തമായാൽ വീണ്ടും മണ്ണൊലിപ്പിനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. പൊതു സ്മശാനം, മറ്റ് ദേവാലയങ്ങളുടെ സ്മശാനങ്ങൾ, ദേവാലയം എന്നിവിടങ്ങളിലേക്കുള്ള പാതയാണ്. അതോടൊപ്പം നിരവധി ആളുകളും താമസിക്കുന്നു. അടിയന്തരമായി പൈപ്പ് സ്ഥാപിച്ച സ്ഥലങ്ങളിൽ കോൺക്രീറ്റ് ചെയ്ത് ഭീഷണിക്ക് പരിഹാരം കാണണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.