സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാജകുമാരിയിലെ യു ഡി എഫ് പ്രവർത്തകർ തല മുണ്ഡനം ചെയ്‌തു

ഐക്യ ജനാധ്യപത്യമുന്നണി സംസ്ഥാന കമ്മറ്റിയുടെ നിർദേശപ്രകാരം സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ഭരണത്തിന് എതിരെയും,ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രക്യപിച്ചുകൊണ്ടും സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായിട്ടാണ് യു ഡി എഫ് രാജകുമാരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം സംഘടിപ്പിച്ചത്.
രാജകുമാരി ഗ്രാമപഞ്ചായത്തിന്റെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി പഞ്ചായത്ത് ഓഫിസിനു മുൻപിൽ നടന്ന രാപ്പകൽ സമരത്തിലാണ് യു ഡി എഫ് പ്രവർത്തകരായ സിജോ ജോർജ്,റ്റി എ സജി,സി സി എൽദോസ്,സാബു എൽദോസ്,ഷിന്റോ മാത്യു,എ ജെ ജോർജ്കുട്ടി എന്നിവരാണ് തല മുണ്ഡനം ചെയ്‌തത്.ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യത്തിനെതിരെയുള്ള പ്രധിഷേധത്തിന്റെ ഭാഗമായിട്ടാണ് തലമുണ്ഡനം ചെയ്‌തത് എന്ന് യു ഡി എഫ് പ്രവർത്തകർ പറഞ്ഞു.
യു ഡി എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസ് പടിക്കൽ നിന്നും രാജകുമാരി ടൗണിലേക്ക് പ്രകടനം നടത്തുകയും പ്രകടനത്തിന് ശേഷം രാജകുമാരി ടൗണിൽ നടന്ന സമാപന സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം പി ജോസ് ഉത്‌ഘാടനം ചെയ്‌തു.
യു ഡി എഫ് ചെയർമാൻ ജോസ് കണ്ടത്തിൻകര,കൺവീനർ റോയി ചാത്തനാട്ട് എന്നിവരുടെ നേതൃത്വത്തിൽ നടന്ന രാപ്പകൽ സമര സമാപന സമ്മേളനത്തിൽ ഡി സി സി അംഗം ഷാജി കൊച്ചുകരോട്ട് മുഖ്യപ്രഭാഷണം നടത്തി,ബ്ലോക്ക് പഞ്ചായത്ത് അംഗം കിങ്ങിണി രാജേന്ദ്രൻ,ബോസ് പി മാത്യു,മഞ്ജു ബിജു,ഡെയിസി ജോയി,ഷിന്റോ പാറയിൽ,സാബു മഞ്ഞിനാകുഴി തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു.