മാങ്കുളം മേഖലയിലും മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ വിവിധ പദ്ധതികളുമായി വനംവകുപ്പ്

മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ പത്ത് പദ്ധതികളാണ് ഫലപ്രദമായി നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്.
അതിലൊന്നാണ് മിഷന്‍ ഫുഡ് ഫോഡര്‍ ആന്റ് വാട്ടര്‍.ഇതിന്‍ പ്രകാരമാണ് വനംവകുപ്പ് മാങ്കുളം ഡിവിഷനിലെ ആനക്കുളം, മാങ്കുളം റെയിഞ്ചുകളിലായി വിവിധയിടങ്ങളില്‍ കാട്ടുമൃഗങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കുളങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുള്ളത്.കുടിവെള്ളം തേടി കാട്ടാനകള്‍ ഉള്‍പ്പെടെ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് ഹെറേഞ്ച് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ആര്‍ എസ് അരുണ്‍ പറഞ്ഞു.
വനംവകുപ്പ് ജീവനക്കാരും വാച്ചര്‍മാരും പാലാ സെന്റ് തോമസ് കോളേജ്, മൂന്നാര്‍ ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളേജ്,കോഴിക്കോട് ഗവണ്‍മെന്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് എന്നിവിടങ്ങളിലെ എന്‍ എസ് എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥികളും കൈകോര്‍ത്താണ് കുളങ്ങളുടെ നിര്‍മ്മാണം നടത്തിയത്.
പുതിയതായി നാല് കുളങ്ങള്‍ നിര്‍മ്മിച്ചതിനൊപ്പം നിലവില്‍ ഉണ്ടായിരുന്ന മൂന്ന് കുളങ്ങളിലെ മണ്ണും ചെളിയും നീക്കി ജലലഭ്യത ഉറപ്പാക്കുകയും ചെയ്തു.വിരിഞ്ഞപാറ മേഖലയില്‍ താല്‍ക്കാലികമായി പടുതാക്കുളം നിര്‍മ്മിച്ച് വാഹനത്തില്‍ വെള്ളമെത്തിച്ച് നിറച്ചാണ് ജലലഭ്യത സാധ്യമാക്കിയത്.ഈ കുളങ്ങളിലൊക്കെയും കാട്ടാനയടക്കമുള്ള മൃഗങ്ങളെത്തി ദാഹമകറ്റി മടങ്ങുന്നുവെന്നും വനംവകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു.