അവാർഡുകളുടെ തിളക്കത്തിൽ രാജകുമാരി ഗ്രാമപഞ്ചായത്ത്

മാലിന്യ മുക്ത നവകേരളം പദ്ധതി പ്രകാരം മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച രാജകുമാരി ഗ്രാമപഞ്ചായത്തിന് അവാർഡുകളുടെ തിളക്കം. നെടുങ്കണ്ടം ബ്ലോക്കിലെ മികച്ച പഞ്ചായത്തായി രാജകുമാരി ഗ്രാമ പഞ്ചായത്തിനേയും,മികച്ച ടൗണായി രാജകുമാരി ടൗണിനേയും,മികച്ച പൊതുഇടമായി നടുമറ്റം ഗ്രൗണ്ടിനേയും,മികച്ച വായനശാലയായി നടുമറ്റം പ്രണവം വായനശാലയേയും തെരഞ്ഞെടുത്തു . നെടുങ്കണ്ടത്ത് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി കുഞ്ഞിൽ നിന്നും രാജകുമാരി പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും ചേർന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
ഇക്കഴിഞ്ഞ സാമ്പത്തിക വർഷം പദ്ധതി ചെലവിൽ 98% ചെലവഴിച്ച് ജില്ലയിൽ മൂന്നാം സ്ഥാനത്തും നികുതി പിരിവിൽ 100% നേട്ടം കൈവരിക്കാനും കഴിഞ്ഞുവെന്നും 3 കോടി രൂപയോളം എം എൽ എ ഫണ്ടടക്കം വിവിധ റോഡ് നിർമ്മാണ പദ്ധതികൾക്കായി ഭരണാനുമതി ലഭിച്ച് ടെൻഡർ നടപടികൾ പൂർത്തികരിച്ച് പണികൾക്ക് ആരംഭം കുറിച്ചുവെന്നും ഭരണസമിതി അംഗങ്ങൾ അറിയിച്ചു.
ഭരണസമിതിയുടെ ശക്തമായ ഇടപെടലും, ജീവനക്കാരും, ഹരിതകർമ്മസേനയും, വ്യാപാരികളും,തൊഴിലാളികളും,കർഷകരും, ഉദ്യോഗസ്ഥരുമടങ്ങുന്ന എല്ലാവരുടേയും സഹകരണം കൊണ്ടാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്നും എല്ലാവർക്കും നന്ദി അറിയിക്കുന്നെന്നും പഞ്ചായത്ത് പ്രസിഡൻ്റ് സുമ ബിജു,വൈസ് പ്രസിഡൻ്റ് അജേഷ് മുകളേൽ,ബ്ലോക്ക് മെമ്പർ കെ.ജെ സിജു, അസിസ്റ്റൻ്റ് സെക്രട്ടറി അബീഷ് ഐസക് എന്നിവർ അറിയിച്ചു.