ഉപ്പുതറ പഞ്ചായത്തിൽ എം.സി.എഫിന് സ്ഥലം വാങ്ങാനുള്ള തീരുമാനത്തിൽ അഴിമതിയെന്ന് കോൺഗ്രസ്. വായ് മൂടി കെട്ടി കുത്തിയിരിപ്പ് സമരം നടത്തി പ്രതിഷേധം

ഉപ്പുതറ ഗ്രാമ പഞ്ചായത്തിൽ എം.സി. എഫ് പണിയുന്നതിന് സ്ഥലം വാങ്ങുന്നതിൽ അഴിമതിയെന്ന് ആരോപിച്ച് കോൺഗ്രസ്സ് അംഗങ്ങൾ പഞ്ചായത്തിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ഉപ്പുതറ പഞ്ചായത്തിലെ ബജറ്റ് അംഗീകരിക്കൽ യോഗം ബഹിഷ്കരിച്ചാണ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ വായ് മൂടിക്കെട്ടി കുത്തിയിരിപ്പ് സമരം നടത്തിയത്.സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരു സമ്പ് കമ്മറ്റിയെ പഞ്ചായത്ത് കമ്മറ്റി തിരുമാനിച്ചിരുന്നു.
എന്നാൽ രജിസ്ട്രേഷൻ നടപടി ആകുന്നതുവരെ സബ് കമ്മറ്റി യോഗം ചേർന്നിട്ടില്ല. പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ പരാതി അറിയിച്ചതിനെ തുടർന്ന് പെട്ടെന്ന് സമ്പ് കമ്മറ്റി വിളിച്ചു ചേർക്കുകയാണ് ഉണ്ടായത്. 19-7-2024 ലെ പഞ്ചായത്ത് കമ്മറ്റി യോഗത്തിൽ സബ് കമ്മറ്റി അംഗങ്ങൾ സ്ഥലം സന്ദർശിക്കുകയും, സ്ഥലവും തുകയും ബോധ്യപ്പെട്ടു എന്ന് രേഖപ്പെടുത്തി വ്യാജ രേഖയുണ്ടാക്കിയതുമാണ് പ്രതിഷേധത്തിനിടയാക്കിയത് .
രണ്ട് വർഷം മുമ്പ് ശ്മശാനത്തിന് ഭൂമി വാങ്ങിയത് സെൻ്റിന് 67000 രൂപയ്ക്കാണ്. ഇതിന് സമീപമുള്ള സ്ഥലം ഇപ്പോൾ എം. സി.എഫി ന് വാങ്ങുന്നത് സെൻ്റിന് 91000 രൂപക്കാണ്. ഇതിൽ നിന്ന് തന്നെ അഴിമതി മനസ്സിലാകുമെന്നും ,സി.പി.എം പ്രദേശിക നേത്യത്വത്തിൻ്റെ അറിവോടെയാണോ ഈ അഴിമതി എന്ന് സംശയിക്കുന്നതായും സി.പി.എം നേതൃത്വം ഇതിന് മറുപടി പറയണമെന്നും പഞ്ചായത്ത് അംഗങ്ങളായ ഫ്രാൻസീസ് അറയ്ക്കപ്പറമ്പിൽ , ഓമന സോദരൻ എന്നിവർ പറഞ്ഞു.
എം.സി.എഫിന് സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട് വ്യാജമായി ഏഴുതി ചേർത്ത പഞ്ചായത്ത് കമ്മറ്റി തീരുമാനം പിൻവലിക്കുക,എം.സി.എഫിന് സ്ഥലം വാങ്ങുന്നത് പഞ്ചായത്ത് ജനറൽ കമ്മിറ്റിയിൽ വിശദമായി ചർച്ച നടത്തി അംഗീകാരം നേടിയതിനു ശേഷം മാത്രം തുക അനുവതിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പഞ്ചായത്തിന് മുന്നിൽ വായ് മൂടിക്കെട്ടി കോൺഗ്രസ്സ് അംഗങ്ങൾ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.സമ്പ് കമ്മറ്റിയിൽ ഉൾപ്പെടുത്തിയ കോൺഗ്രസ് അംഗങ്ങളാണ് സമരം നടത്തിയത്.ഇതിനിടെ ഭരണകക്ഷിയിലെ ഒരംഗം ഓബുഡ്സ്മാൻ, കളക്ടർ അടക്കമുള്ളവർക്ക് പരാതി നൽകിയതായും സൂചനയുണ്ട്.