നിയന്ത്രിത തീയിടൽ വന്യജീവികളുടെ നിലനിൽപ്പിന് സഹായകരം, മനുഷ്യ-വന്യജീവി സംഘർഷം നിയന്ത്രിക്കും

നിയന്ത്രിത തോതിലുള്ള തീയിടൽ വന്യ ജീവികളുടെ നിലനില്പിന് സഹായകരമാകുന്നതായി വനംവകുപ്പ്. മനുഷ്യ-വന്യജീവി സംഘർഷം നിയന്ത്രിക്കുന്നതിനും ഇത് കാരണമാകുന്നതായി മൂന്നാർ വനം-വന്യജീവി ഡിവിഷൻ വാർഡൻ കെ.വി. ഹരികൃഷ്ണൻ പറഞ്ഞു.
മൂന്നാർ വന്യജീവി ഡിവിഷന് കീഴിലുള്ള ദേശീയോദ്യാനങ്ങളായ ഇരവികുളം പാമ്പാടുംചോല, ആനമുടിചോല, വന്യജീവി സങ്കേതങ്ങളായ ചിന്നാർ, കുറിഞ്ഞിമല എന്നീ സംരക്ഷിത വനമേഖലകളിലെ പുൽമേടുകളിൽ വർഷംതോറും നവംബർ ഡിസംബർ മാസങ്ങളിൽ കൺട്രോൾ ബേണിങ് നടത്തിയിരുന്നു.
ഇതുമൂലം മാർച്ച് മാസത്തോടെ പുതുനാമ്പുകൾ വളർന്ന് നല്ല പുൽമേടുകൾ രൂപം കൊണ്ടു. നിയന്ത്രിതതീയിടൽ നടത്തിയില്ലെങ്കിൽ പുൽമേടുകളിൽ സിലിക്കയുടെ അംശം വർധിക്കുകയും വന്യജീവികൾക്ക് ഭക്ഷ്യയോഗ്യമല്ലാതായി തീരുകയും ചെയ്യും. പുതുനാമ്പുകൾ വരയാടുകൾ, ആന, മാൻ, മ്ലാവുകൾ ഉൾപ്പെടെയുള്ള സസ്യാഹരികളായ മൃഗങ്ങൾക്ക് ആഹാരമാവുകയും ചെയ്യുന്നു.