വനം വകുപ്പ് സ്ഥാപിച്ച സൗരോർജ്ജ തൂക്ക് വേലി സാമൂഹികവിരുദ്ധർ നശിപ്പിച്ചതായി പരാതി

വന്യമൃഗങ്ങൾ ജനവാസ മേഖലിയിലേക്ക് കടന്ന് വരുന്നത് ഒഴിവാക്കാൻ വനം വകുപ്പ് സ്ഥാപിച്ച സൗരോർജ്ജ തൂക്ക് വേലി സാമൂഹിക വിരുദ്ധർ നശിപ്പിച്ചതായി പരാതി.വള്ളക്കടവ് റേയ്ഞ്ചിൽപ്പെട്ട സ്ഥലത്ത് ജനവാസ മേഖലയോട് ചേർന്ന് കഴിഞ്ഞ രണ്ട് മാസത്തിന് മുൻപ് സ്ഥാപിച്ച സൗരോർജ്ജ തൂക്ക് വേലിയാണ് പലയിടങ്ങളിലായി സാമൂഹിക വിരുദ്ധർ മുറിച്ചിട്ടിരിക്കുന്നത്.
വള്ളക്കടവ് മേഖലയിൽ കഴിഞ്ഞ കുറെ കാലങ്ങളായി ആനയുൾപ്പെടെയുള്ള വന്യ മൃഗങ്ങൾ ജനവാസ കേന്ദ്രത്തിൽ എത്തി കൃഷികൾ നശിപ്പിന്നത് പതിവായിരുന്നു.ഇതിൻ്റെ ഭാഗമായി പ്രദേശത്ത് നിരവധി ജനകീയ പ്രക്ഷോഭങ്ങളും നടത്തിയിരുന്നു.തുടർന്ന് വനം വകുപ്പിന്റെ ഇടപെടൽ മൂലം നബാർഡുമായി ചേർന്ന് രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം വള്ളക്കടവ് മുതൽ 4.6 കിലോമീറ്റർ സൗരോർജ്ജ തൂക്ക് വേലി സ്ഥാപിക്കുന്നതിന് 38 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.
അതിൻ്റെ അടിസ്ഥാനത്തിൽ കൃഷി വകുപ്പിൻ്റെയും മേൽനോട്ടത്തിലാണ് തൂക്ക് വേലിയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.പദ്ധതി പൂർത്തിയായി രണ്ട് മാസം പിന്നിട്ടിട്ടും ഉദ്ഘാടനം നിർവഹിച്ചിട്ടില്ല.എന്നാൽ തൂക്ക് വേലിയിലൂടെ വൈദ്യുതി പ്രവഹിക്കുന്നുണ്ട്.ആയതിനാൽ തന്നെ കാട്ടിനുളളിൽ നിന്നും ആനയുൾപ്പെടെയുള്ള വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് കുറഞ്ഞിട്ടുണ്ട്.
ഈ പദ്ധതി പൂർത്തികരിച്ചതോടെ പ്രദേശവാസികൾ സന്തോഷത്തിലാണ്.എന്നാൽ സാമൂഹിക വിരുദ്ധർ ഇത് നശിപ്പിക്കുന്നതോടെ ജനങ്ങളിലും, വനം വകുപ്പിലും ഒരുപോലെ ആശങ്ക ഉളവാക്കുന്നു.വനം വകുപ്പ് കാട്ടിൽ സ്ഥാപിച്ച ക്യാമറയിൽ നിന്ന് കഴിഞ്ഞ ദിവസം കട്ടിൽ അതിക്രമിച്ച് കടന്നവരുടെ ചിത്രം പതിഞ്ഞെങ്കിലും ഇവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
ഇത് സംബന്ധിച്ച് വള്ളക്കടവ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ അരുൺ കെ. നായർ വണ്ടിപ്പെരിയാർ പോലീസിൽ പരാതി നൽകി.ഇതനുസരിച്ച് അന്വേഷിക്കുവാനെത്തിയ ഉദ്യോഗസ്ഥർ തങ്ങളുടെ അതിർത്തിയിൽ അല്ല സംഭവം എന്ന് പറഞ്ഞ് മടങ്ങി പോയതായി ഇഡിസി അംഗങ്ങൾ ആക്ഷേപം ഉന്നയിച്ചു.സൗരോർജ തൂക്ക് വേലികൾ സംരക്ഷിക്കുന്നതിനായി ഇഡിസി പ്രവർത്തകരുടെ നേതൃത്വത്തിൽ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു .