കട്ടപ്പനയിലെ സ്വകാര്യ കെട്ടിടത്തിനുള്ളിലെ ലിഫ്റ്റിൽ ജീവനക്കാർ കുടുങ്ങി

6 നിലകളുള്ള കെട്ടിടത്തിലെ രണ്ടാം നിലയിലാണ് ജീവനക്കാർ കുടുങ്ങിയത്. രാവിലെ ജോലിക്കെത്തിയ ഇവർ ലിഫ്റ്റിൽ കയറിപോകുന്നതിന്റെ ഇടയിൽ ഇലക്ട്രിക്കൽ തകരാറുമൂലം ലിഫ്റ്റ് ഒന്നാം നിലയ്ക്കും രണ്ടാംനിക്കും മധ്യേ കുടുങ്ങുകയായിരുന്നു. ഡോറുകൾ ഉൾപ്പെടെ തുറക്കാതായതോടെ ഇവർ സഹപ്രവർത്തകരെ വിവരം അറിയിച്ചു.
തുടർന്ന് സമീപം ഉണ്ടായിരുന്ന കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. തുടർന്ന് കട്ടപ്പന ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ എത്തി ഹൈഡ്രോളിക് ഉപകരണങ്ങൾ ഉപയോഗിച്ച് ലിഫ്റ്റിന്റെ ഡോറുകൾ ഇരു വശങ്ങളിലേക്കും നീക്കിയ ശേഷമാണ് ഇവരെ പുറത്തെടുത്തത്.
മൂന്ന് യുവതികൾ ആയിരുന്നു ലിഫ്റ്റിൽ ഉണ്ടായിരുന്നത്.ലിഫ്റ്റിൽ കുടുങ്ങി നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ ഫയർഫോഴ്സ് ഇവരെ പുറത്തെത്തിച്ചു.ഉദ്യോഗസ്ഥരായ ബിജു പി ജേക്കബ്, വിജയ് വി എസ് , കേശവപ്രദീപ് , അജിൻ, മനു, മുഹമ്മദ് അസ്‌ലം എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടന്നത്.