ഹൈറേഞ്ചിൽ വേനൽ ആരംഭിച്ചതോടെ ഏല ചെടികൾക്ക് തണലൊരുക്കി കർഷകർ

വേനല്‍ ആരംഭിച്ചതോടെ ഹൈറേഞ്ചില്‍ ഏലച്ചെടികള്‍ക്ക് തണലൊരുക്കല്‍ തുടങ്ങി.മുന്‍വര്‍ഷത്തെ കൊടുംവരള്‍ച്ച ഏല്‍പ്പിച്ച കൃഷിനാശവും ഇതേത്തുടര്‍ന്നുണ്ടായ വന്‍ സാമ്പത്തിക നഷ്ടവും ഇത്തവണ ഉണ്ടാകാതിരിക്കാന്‍ നേരത്തെ പ്രതിരോധമൊരുക്കുകയാണ് കര്‍ഷകര്‍.മരത്തണല്‍ കുറവുള്ള പ്രദേശങ്ങളിലാണ് ചെടികളില്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ പച്ച നിറത്തിലുള്ള നെറ്റ് പന്തല്‍ പോലെ വലിച്ചുകെട്ടി സംരക്ഷണമൊരുക്കുന്നത്.
മുന്‍വര്‍ഷങ്ങളിലേതുപോലെ ഇത്തവണയും ഹൈറേഞ്ചിലെ ചെറുകിട, വന്‍കിട തോട്ടങ്ങളിലെല്ലാം തണലൊരുക്കല്‍ പുരോഗമിക്കുന്നു. ഒരുപതിറ്റാണ്ടായി കര്‍ഷകര്‍ക്ക് ഇത്തരത്തില്‍ കൃത്രിമ തണല്‍ ഒരുക്കുന്നുണ്ട്. ഇൗ സീസണില്‍ ഒരുമാസം മുമ്പേ ഇതിന്റെ ജോലികള്‍ ആരംഭിച്ചു. വേനല്‍ രൂക്ഷമായാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.
ഒരേക്കര്‍ സ്ഥലത്ത് നെറ്റ് ഉപയോഗിച്ച് തണലൊരുക്കാന്‍ ഒന്നുമുതല്‍ ഒന്നര ലക്ഷം രൂപ വരെ ചെലവാകും. 10 അടി വീതിയും 50 മീറ്റര്‍ നീളവുമുള്ള ഒരു റോള്‍ നെറ്റിന് 1000 മുതല്‍ 2600 രൂപയാണ് വില. ഇപ്പോള്‍ 20 അടി വീതിയും 4000 രൂപ വരെ വിലയുമുള്ള നെറ്റുകളും വിപണിയിലുണ്ട്. ഗുണനിലവാരമുള്ളവ ഏഴുമുതല്‍ 10 വര്‍ഷം വരെ ഉപയോഗിക്കാം.
40 മുതല്‍ 70 ശതമാനം വരെ സുതാര്യതയുള്ള നെറ്റുകള്‍ ലഭ്യമാണ്. മരങ്ങളില്ലാത്ത സ്ഥലങ്ങളില്‍ നെറ്റ് വലിച്ചുകെട്ടാന്‍ പൈപ്പോ മരത്തിന്റെ തൂണോ സ്ഥാപിക്കണം. ഗ്രാന്റീസ് മരങ്ങളുടെ തൂണുകളും ഉപയോഗിക്കുന്നുണ്ട്. കൂടാതെ കയര്‍, കമ്പി, തൊഴിലാളികളുടെ കൂലി തുടങ്ങി മുതല്‍മുടക്ക് ഏറെയാണ്.