വർദ്ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിനെതിരെ കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വള്ളക്കടവ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
വർദ്ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിനെതിരെ സമരം ശക്തമാക്കി കോൺഗ്രസ് .കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വള്ളക്കടവ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് മാർച്ചും ധർണ്ണയും ഉത്ഘാടനം ചെയ്തു. കർഷകന്റെ അധ്വാന ഫലത്തിന്റെ വിളവെടുപ്പ് നടത്തുന്നത് വന്യമൃഗങ്ങളാണെന്നും വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാത്ത പക്ഷം സമരം ശക്തമാക്കുമെന്നും ഡിസിസി ജനറൽ സെക്രട്ടറി പറഞ്ഞു
കഴിഞ്ഞ കുറേ നാളുകളായി പീരുമേട് താലൂക്കിലെ വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന ജനവാസ മേഖലകളും തോട്ടം മേഖലകളും കടുവ,പുലി,ആന, കാട്ടുപോത്ത്, കാട്ടുപന്നി എന്നീ വന്യമൃഗങ്ങളുടെ സാന്നിധ്യത്താൽ ഭീതിയുടെ നിഴലിലാണ് കഴിഞ്ഞു വരുന്നത്. വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് എത്തുന്നത് തടയുവാൻ വനംവകുപ്പ് യോഗങ്ങളും സുരക്ഷാ പദ്ധതി വാഗ്ദാനങ്ങളുമാണ് നടത്തി വരുന്നത്. ഈ സാഹചര്യത്തിലാണ് വന്യജീവി ആക്രമണങ്ങളിൽ നിന്നും മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നാവശ്യപ്പെട്ടു കൊണ്ട് കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വള്ളക്കടവ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. വള്ളക്കടവ് ജംഗ്ഷനിൽ നിന്നു മാ രംഭിച്ച പ്രതിഷേധ മാർച്ച് ചെക്പോസ്റ്റിൽ പോലീസ് തടഞ്ഞു.
പ്രതിഷേധ യോഗത്തിൽ കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം പ്രസിഡന്റ് രാജൻ കൊഴുവൻ മാക്കൽ അധ്യക്ഷനായിരുന്നു. കോൺഗ്രസ് പീരുമേട് ബ്ലോക്ക് സെക്രട്ടറി പാപ്പച്ചൻ വർക്കി സ്വാഗതമാശംസിച്ചു.
പീരുമേട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോബിൻ കാരയ്ക്കാട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ആർ ഗണേശൻ,കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എബ്രഹാം, നിയോജക മണ്ഡലം പ്രസിഡന്റ് ഫിലിപ്പ്, കോൺഗ്രസ് കുമളി മണ്ഡലം പ്രസിഡന്റ് പി പി റഹിം,മഹിളാ കോൺഗ്രസ് വണ്ടിപ്പെരിയാർ വാളാടി മണ്ഡലം പ്രസിഡന്റുമാരായ തമിഴ് മൊഴി,പ്രിയങ്കാ മഹേഷ് . കെ എ സിദ്ദിഖ്,ജില്ലാ സെക്രട്ടറി വി ജി ദിലീപ്,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാൻ അരുവിപ്പാക്കൽ, വണ്ടിപ്പെരിയാർ വാളാടി മണ്ഡലം പ്രസിഡന്റുമാരായ എൻ അഖിൽ, ആർ വിഘ്നേഷ്. കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.








