പ്ലസ് ടു പരീക്ഷ എഴുതാൻ പോയ വിദ്യാർത്ഥിക്ക് കട്ടപ്പന പഴയ ബസ്റ്റാൻഡിൽ വച്ച് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു

കട്ടപ്പന പഴയ ബസ്റ്റാൻഡിൽ നിന്നും പുതിയ ബസ് സ്റ്റാൻഡിലേക്ക് പോകുന്ന വേളയിലാണ് തെരുവുനായ വിദ്യാർത്ഥിയെ ആക്രമിച്ചത്. വാഴത്തോപ്പ് സ്കൂളിൽ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് പോകുന്നതിനിടയാണ് ആക്രമണം ഉണ്ടായത്. നരിയംപാറ സ്വദേശികളായ ഗീതാ രാജേഷ് ദമ്പതികളുടെ മകൾ കാവ്യക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ കൈക്ക് പരിക്കേറ്റത്. ഉടൻതന്നെ കട്ടപ്പന സഹകരണ ആശുപത്രിയിലും, താലൂക്ക് ആശുപത്രിയിലും എത്തിച്ചിരുന്നു. തുടർന്ന് പരീക്ഷക്ക് പോയ ശേഷം മെഡിക്കൽ കോളേജിൽ ചികിത്സ തേടി എന്നാണ് വിവരം.
ഒരിടവേളക്ക് ശേഷമാണ് പഴയ ബസ്റ്റാൻഡിൽ തെരുവ്നായ്ക്കൾ ആളുകൾക്ക് ഭീഷണിയാകുന്നത്.കഴിഞ്ഞദിവസം വ്യാപാരിയെ നായ കടിക്കാൻ ശ്രമിച്ചിരുന്നു. ഒഴിഞ്ഞു മാറിയതിനാലാണ് രക്ഷപ്പെട്ടത്. നിരവധി വിദ്യാർത്ഥികൾ അടക്കം നടന്നുപോകുന്ന പഴയ ബസ്റ്റാൻഡിൽ തെരുവ് നായ്ക്കളുടെ ഭീഷണി ഒഴിവാക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാകണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.