ഇടുക്കി തട്ടേക്കണ്ണിയിലെ ഗൃഹനാഥൻ്റെ മരണം കൊലപാതകമെന്ന് പോലീസ്

തട്ടേക്കണ്ണി ചെറിയാൻകുന്നേൽ മോഹനനെ അയൽവാസിയുടെ വീട്ടുമുറ്റത്ത് ബോധരഹിതനായി കണ്ട് ആശൂപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ച സംഭവമാണ് കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചത്. തട്ടേക്കണ്ണി വലിയകുന്നത്ത് ഡെൽഫിൻ (28)ൻ്റെ വീട്ടുമുറ്റത്താണ് തിങ്കളാഴ്ച രാവിലെ മോഹനനെ കണ്ടെത്തിയത്. മോഹനൻ്റെ മരണത്തിൽ സംശയം തോന്നിയ പോലീസ് ഡെൽഫിനെ തിങ്കളാഴ്ച തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ ഡെൽഫിൻ കുറ്റം സമ്മതിച്ചിരുന്നു. ഇന്ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ഡെൽഫിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
ഡെൽഫിനും മോഹനനും ഒരുമിച്ച് ഡെൽഫിൻ്റെ വീട്ടിൽ മദ്യപിച്ചിരിക്കെ പ്രകോപിതനായ ഡെൽഫിൻ മോഹനനെ മർദ്ദിച്ച് മുറ്റത്ത് തള്ളിയിട്ട ശേഷം കതകടച്ച് കിടന്നു. പുലർച്ചെ മോഹനൻ വീട്ടുമുറ്റത്ത് ചലനമറ്റ് കിടക്കുന്നത് കണ്ട് ഡെൽഫിൻ്റെ ഭാര്യ അയൽവാസികളെ വിവരമറിയിച്ചതായും, തുടർന്ന് നാട്ടുകാരും മോഹനൻ്റെ മകനും ചേർന്ന് നേര്യമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണമടഞ്ഞുവെന്നുമാണ് കരിമണൽ പോലീസ് വ്യക്തമാക്കിയത്.
ഇടുക്കി ഡിവൈ.എസ്.പി ജിൽസൺ മാത്യുവിൻ്റെ നിർദേശ പ്രകാരം കരിമണൽ പോലീസ് ഇൻസ്പെക്ടർ കെ.എസ്. സുരേഷ്കുമാർ , എസ്.ഐ.മാരായ രാജേഷ് , ജോളി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവെടുപ്പ് നടത്തിയശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.