വീട്ടമ്മയുടെ സ്വർണ്ണ മാല കവർന്ന കേസിലെ പ്രതികളെ 24 മണിക്കൂറിനകം തൊടുപുഴ പോലീസ് പിടികൂടി

വീട്ടമ്മയുടെ സ്വർണ്ണ മാല കവർന്ന കേസിലെ പ്രതികളെ 24 മണിക്കൂറിനകം തൊടുപുഴ പോലീസ് പിടികൂടി. മണക്കാടിന് സമീപം തോട്ടിൽ കുളിച്ചുകൊണ്ടു നിന്ന വീട്ടമ്മയുടെ മാല കവർന്ന കേസിലെ പ്രതികളെ ആലപ്പുഴയിൽ നിന്നാണ് പോലിസ് പിടികൂടിയത്. അനന്തു, അലൻ എന്നിവരാണ് പിടിയിലായത്.തോട്ടില്‍ കുളിക്കാനായി പോയ വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ ശേഷം രണ്ടു പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല കവരുകയായിരുന്നു. മണക്കാട് ചെറുകാട്ടുപാറയ്ക്കു സമീപം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് നാലോടെയായിരുന്നു സംഭവം.
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ വീട്ടമ്മ ഭര്‍തൃമാതാവിനും കുട്ടിയോടുമൊപ്പമാണ് തോട്ടില്‍ തുണിയലക്കാനും കുളിക്കാനുമായി പോയത്. ഭര്‍തൃമാതാവും കുട്ടിയും കുളി കഴിഞ്ഞ പോയതിനു ശേഷം വീട്ടമ്മ തനിച്ചാണ് ഇവിടെയുണ്ടായിരുന്നത്. ഇതിനിടെയാണ് ഹെല്‍മറ്റ് ധരിച്ചെത്തിയ മോഷ്ടാവ് അപ്രതീക്ഷിതമായി മുളകു പൊടിയെറിഞ്ഞ് മാല പൊട്ടിച്ചെടുത്ത് രക്ഷപെട്ടത്.
വീട്ടമ്മ പിന്നാലെ ഓടിയെങ്കിലും ഇയാള്‍ സ്ഥലത്തു നിന്നും രക്ഷപെട്ടിരുന്നു. നാട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. മോഷ്ടാക്കളെന്ന് സംശയിക്കുന്ന രണ്ടു പേരുടെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ നിന്നും ലഭിച്ചിരുന്നു.തുടർന്ന് പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് വിശദമായ പരിശോധന നടത്തി. ഇതേ തുടർന്നാണ് പ്രതികളെ ആലപ്പുഴയിൽ നിന്ന് പിടി കൂടിയത്.ഇവരെ സ്ഥലത്ത് കൊണ്ടു വന്നു തെളിവെടുത്തു.