വന്യജീവി ആക്രമണം: ധവളപത്രം ഇറക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണം: ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡണ്ട് വിസി വർഗീസ്

സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങൾ പെരുകുമ്പോഴും സർക്കാർ നിഷ്ക്രിയത്വം തുടരുന്നത് പ്രതിഷേധാർഘമെന്ന് ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡണ്ട് വി.സി വർഗീസ്.വന്യജീവികൾ നാട്ടിലിറങ്ങാത്ത സംരക്ഷണം ഒരുക്കേണ്ട ഫണ്ടുകൾ സർക്കാർ ദുർവിനിയോഗം ചെയ്യുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 14 മാസങ്ങൾക്കിടയിൽ ഇടുക്കി ജില്ലയിൽ മാത്രം ഒൻപത് മനുഷ്യ ജീവനുകളാണ് വന്യമൃഗാക്രമണത്തിൽ പൊലിഞ്ഞത്.
സംസ്ഥാനത്താകട്ടെ ഇതേ 14 മാസം കൊണ്ട് 25 മനുഷ്യരെയും കൊന്നൊടുക്കി.സംസ്ഥാനത്താകെ അഞ്ചുവർഷംകൊണ്ട് 456 മനുഷ്യ ജീവനുകളാണ് നഷ്ടമായത്.ഒന്നിന് പുറകെ ഒന്നായി മനുഷ്യൻ കൊല ചെയ്യപ്പെടുമ്പോഴും സംസ്ഥാന ഗവൺമെൻ്റ് യാതൊരു നടപടിയും സ്വീകരിക്കാതെ നോക്കുകുത്തിയായി അവശേഷിക്കുകയാണ്.
കാട്ടാന നാട്ടിൽ ഇറങ്ങി കൃഷി നശിപ്പിക്കുമ്പോഴും കാട്ടാനയെ സംരക്ഷിച്ചുകൊണ്ട് മനുഷ്യനെതിരെ കേസെടുക്കുന്ന നയമാണ് സംസ്ഥാന ഗവൺമെൻ്റിനുള്ളത്. മൂന്ന് ദിവസങ്ങൾക്കു മുൻപ് പെരുവന്താനം ചെന്നാപ്പാറയിൽ സോഫിയ എന്ന വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു. മാസങ്ങൾക്കു മുൻപ് വനം വകുപ്പ് മന്ത്രി എ.കെ. ശീന്ദ്രൻ പങ്കെടുത്ത പരിപാടിയിൽ സോഫിയയും പിതാവും നേരിട്ടെത്തി തങ്ങളുട ആശങ്ക അറിയിച്ചിരുന്നു.
എന്നാൽ ഇവരുടെ പരാതിയെ മുഖവിലക്കെടുക്കാതെവന്നതിന്റെ ഫലമാണ് സോഫിയ എന്ന സഹോദരിയെ നഷ്ടമായതെന്നും വി.സി വർഗീസ് പറഞ്ഞു.ഏക്കർ കണക്കിന് കൃഷി ഭൂമികളാണ് കാട്ടാന നശിപ്പിക്കുന്നത്.ഒരിടത്തും കർഷകന് നാശനഷ്ടം ലഭിക്കുന്നില്ല.വയനാട്ടിൽ കഴിഞ്ഞദിവസം കർഷകൻ വനം വകുപ്പിൻ്റെ ഓഫീസിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോൾ അദ്ദേഹത്തിനു മാത്രം നഷ്ടം കൊടുക്കാമെന്ന് വനം വകുപ്പ് അധികൃതർ സമ്മതിക്കുകയും ചെയ്തു.
താൻ കൃഷി ചെയ്ത 1000 വാഴകളാണ് കാട്ടാന ഒറ്റ ദിവസം കൊണ്ട് നശിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് കർഷകൻ ആത്മഹത്യാ ഭീഷണി മുഴക്കിയത്.അപ്പോഴും സർക്കാർ സ്വന്തം മുഖം രക്ഷിക്കുവാനാണ് ശ്രമിച്ചത് ,മറിച്ച് കർഷകർക്ക് ഗുണകരമായ നഷ്ടം കൊടുക്കുവാൻ തയ്യാറായില്ല. വനത്തിനുള്ളിൽ വെള്ളവും ഭക്ഷണവും ഇല്ലാത്തതാണ് മൃഗങ്ങൾ നാട്ടിൽ ഇറങ്ങുവാൻ കാരണം.വന സംരക്ഷണത്തിനോടൊപ്പം മനുഷ്യരെയും സംരക്ഷിക്കുവാൻ വേണ്ടി ലഭ്യമാകുന്ന ഫണ്ടുകൾ വിദേശനിർമ്മിത മരങ്ങൾ നട്ടുവളർത്തുക വഴി വനത്തിന്റെ യഥാർത്ഥ ആവാസ്ഥവ്യവസ്ഥയ്ക്ക് മാറ്റങ്ങൾ വരികയും, വന്യജീവികളുടെ നിലനിൽപ്പിന് ഭീഷണിയായും മാറുന്നു.
വനജീവി ആക്രമണങ്ങൾ പെരുകുമ്പോൾ ഇതു സംബന്ധിച്ച ധവളപത്രം ഇറക്കുവാൻ സംസ്ഥാന ഗവൺമെൻ്റ് തയ്യാറാവണം.വർദ്ധിച്ചു വരുന്ന വന്യജീവി ആക്രമണങ്ങൾക്കെതിരെ ബിജെപി സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും വി.സി. വർഗ്ഗീസ് കട്ടപ്പനയിൽ പറഞ്ഞു