വേനലിന്റെ ആരംഭത്തിൽ തന്നെ കട്ടപ്പന കല്യാണതണ്ടിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു

കട്ടപ്പന നഗരസഭയിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിൽ ഒന്നായ കല്യാണതണ്ടിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്. വേനലിന്റെ തുടക്കത്തിൽ തന്നെ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നത് പ്രദേശവാസികളെയും ആശയിലാഴ്ത്തുകയാണ്. 32,33 വാർഡുകളിലെ ജനങ്ങളാണ് ഇത്തരത്തിൽ ദുരിതമനുഭവിക്കുന്നത്.
നിലവിൽ നഗരസഭയുടെ ഉടമസ്ഥതയിൽ ഇവിടെ കുടിവെള്ള പദ്ധതി ഉണ്ടെങ്കിലും ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്നില്ല. പലർക്കും കൃത്യമായി കുടിവെള്ളം എത്തുന്നുമില്ല. അതുകൊണ്ടുതന്നെ മേഖലയിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വതമായ പരിഹാരം കണ്ടുകൊണ്ടുള്ള കുടിവെള്ള പദ്ധതി ആവിഷ്കരിക്കണമെന്ന ആവശ്യത്തിന് നാല് വർഷങ്ങളുടെ പഴക്കമുണ്ട്. കുടിവെള്ളക്ഷാമത്തിൽ വയോധികരാണ് അധികവും ദുരിതമനുഭവിക്കുന്നത്.
മുതിർന്നവർക്ക് പുറമേ കുട്ടികളും കുടിവെള്ളക്ഷാമത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.മേഖലയിൽ അധിവസിക്കുന്ന 100 കണക്കിന് കുടുംബങ്ങൾ നേരിടുന്ന പ്രതിസന്ധി അധികാരികൾ ഗൗരവമായി കാണുകയും ശാശ്വതമായി നടപടി സ്വീകരിക്കണമെന്ന ആവശ്യവുമാണ് ശക്തമാവുന്നത്. വേനൽ കടുക്കുന്ന സാഹചര്യത്തിൽ അധികൃതർ നടപടികൾ സത്വരമായി നടപ്പിലാക്കണമെന്നും പ്രദേശവാസികൾ പറയുന്നു.