കട്ടപ്പന ആശുപത്രിയില്‍ ജീവിതശൈലി രോഗങ്ങള്‍ക്ക് പുതിയ വിഭാഗം - മന്ത്രി റോഷി നാളെ ഉദ്ഘാടനം നിര്‍വഹിക്കും
സംസ്ഥാന ആരോഗ്യവകുപ്പ് കട്ടപ്പന താലൂക്ക് ആശുപത്രിക്ക് അനുവദിച്ചിട്ടുള്ള ഹെല്‍ത്ത് ഗ്രാന്‍ഡ് 45 ലക്ഷം രൂപ വിനിയോഗിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്ന 360 ഡിഗ്രി മെറ്റബോളിക് ഡിസീസ് മാനേജ്മെന്റ് സെന്റര്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നാളെ (ശനി/08.02.25) ഉദ്ഘാടനം നിര്‍വഹിക്കും. ജീവിതശൈലി രോഗ പരിശോധനകളെ ഒരു കുടക്കീഴിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കട്ടപ്പന താലൂക്ക് ആശുപത്രിയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കട്ടപ്പന മുനിസിപ്പല്‍ ചെയര്‍മാന്‍ ബീനാ ടോമി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പുതിയ വാര്‍ഡുകളുടെ ഉദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിക്കും. പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങള്‍ സാര്‍വത്രികമായി മാറുന്ന ഈ കാലഘട്ടത്തില്‍ രോഗം പ്രാരംഭദിശയില്‍ത്തന്നെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയാണ് സെന്ററിന്റെ ലക്ഷ്യം. കിഫ്ബി മുഖേന അനുവദിച്ചിട്ടുള്ള 16 കോടി രൂപയുടെ പുതിയ ബ്ലോക്കിന്റെ നിര്‍മാണം ആരംഭിക്കുന്നതിനായി കാലപ്പഴക്കം ചെന്ന പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിനായി 4.50 ലക്ഷം രൂപ അനുവദിക്കുകയും ടെന്‍ഡര്‍ നടപടി സ്വീകരിച്ചു വരികയുമാണ്.
ഇതോടൊപ്പം ഡയാലിസിസ് യൂണിറ്റിന്റെ നവീകരണത്തിനായി 33 ലക്ഷം രൂപയും ആരോഗ്യ വകുപ്പില്‍ നിന്ന് അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. നിലവില്‍ 10 ബെഡുകളുടെ രണ്ടു ഷിഫ്റ്റുകളാണ് പ്രവര്‍ത്തിച്ചു വരുന്നത്. മലയോര മേഖലയിലെ ഏക മുനിസിപ്പാലിറ്റിയായ കട്ടപ്പനിയിലെയും സമീപ പഞ്ചായത്തുകളിലെയും സാധാരണക്കാര്‍ക്ക് ഏറെ ആശ്രയമാകുന്ന കട്ടപ്പന താലൂക്ക് ആശുപത്രി വിപുലീകരിക്കുന്നതിനുള്ള നടപിടകള്‍ സ്വീകരിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുകയും ഫോറന്‍സിക് ഉള്‍പ്പെടെയുള്ള വിഭാഗം ആരംഭിച്ചിരുന്നു.