പ്രതിഷേധത്തെ ഭയമോ? ഇടുക്കിയില്‍ വനംമന്ത്രി എക്കോ ഷോപ്പ് ഉദ്ഘാടനം ചെയ്യാതെ മടങ്ങി
പീരുമേടിൽ വനംവകുപ്പിന്റെ എക്കോ ഷോപ്പ് ഉദ്ഘാടനം ചെയ്യാതെ മടങ്ങി വനംമന്ത്രി എകെ ശശീന്ദ്രന്‍. വന്യജീവി ശല്യവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടര്‍ന്നാണ് മടക്കം. എക്കോ ഷോപ്പിന് ഒന്നര കിലോമീറ്റര്‍ അകലെ എത്തിയ ശേഷമാണ് മന്ത്രി മടങ്ങിയത്. വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് കടക്കുകയും ആളുകള്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തമാണ്.
കുട്ടിക്കാനത്ത് രണ്ട് പരിപാടികളിലാണ് വനം വകുപ്പ് മന്ത്രി പങ്കെടുക്കേണ്ടിയിരുന്നത്. കുട്ടിക്കാനത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. അതോടൊപ്പം പൈന്‍ ഫോറസ്റ്റിന് സമീപം എക്കോഷോപ്പ് ഉദ്ഘാടന പരിപാടിയുമുണ്ടായിരുന്നു.വിനോദ സഞ്ചാരികള്‍ക്കുള്ള ഈ കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്യുന്നതായി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്.
പ്രതിഷേധം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടും ജനപ്രതിനിധികളില്‍ നിന്നുള്ള മുന്നറിയിപ്പും മന്ത്രിക്ക് ലഭിച്ചിരുന്നു. അവസാന നിമിഷം ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം നടത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും സാങ്കേതിക തടസങ്ങളെ തുടര്‍ന്ന് അതും ഒഴിവാക്കി. വന്യജീവി ശല്യവുമായി ബന്ധപ്പെട്ട പരാതി നല്‍കുന്നതിനായി നിരവധിയാളുകള്‍ സ്ഥലത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.