കുടിയേറി പാർത്തവർക്കും പ്രദേശവാസികൾക്കും അനുഗ്രഹ പ്രഭ ചൊരിഞ്ഞ് കുമളി അമരാവതി നൂലാം പാറ മഹാദേവ ക്ഷേത്രം

1960 കളിൽ ഇടുക്കി ഡാം നിർമ്മാണ ഘട്ടത്തിൽ അയ്യപ്പൻ കോവിൽ ഡാം സെറ്റിൽമെന്റ് ഏരിയയിൽ നിന്നും കുടിയൊഴുപ്പിക്കപ്പെട്ട ഒരു വിഭാഗം ജനതയെ കുമളി അമരാവതിയിൽ പാർപ്പിപ്പിക്കുകയായിരുന്നു.തങ്ങളുടെ നിത്യജീവിത പ്രാർഥനയ്ക്കായി ഒരു അഭയ കേന്ദ്രം വേണമെന്ന ഹൈന്ദവരുടെആവശ്യം പരിഗണിച്ച് സർക്കാർ ഏകദേശം 3 ഏക്കർ സ്ഥലം വിട്ടു നൽകുകയും ഇവിടെ ദുഷ്ട ശക്തി സംഹാരനായ മഹാദേവന്റെ ഒരു ചിത്രം വച്ചാണ് പ്രാർഥന നടത്തിവന്നിരുന്നത്.
ഇതിനു ശേഷം ശ്രീകോവിൽ കെട്ടിയാണ് ഇവിടെ മഹാദേവനെ ആരാധിച്ചു വന്നിരുന്നത്. ഇതിനു ശേഷം പ്രശ്നവിധി പ്രകാരം ഇവിടെ പുതിയ ക്ഷേത്രം നിർമ്മിക്കുകയായിരുന്നു. രണ്ടായിരത്തോടു കൂടി പഴയ ശ്രീകോവിൽ പൊളിച്ചു മാറ്റി പുതിയ ക്ഷേത്രത്തിന് തറക്കൽ ഇടുമെന്നും ക്ഷേത്രം പൂർണ്ണ നിർമ്മിതിയിലെത്തി പ്രതിഷ്ടാ കർമ്മത്തോടെ ജില്ലയിലെ പ്രമുഖ മഹാദേവ ക്ഷേത്രങ്ങൾക്കൊപ്പം അമരാവതി നൂലാംപാറ മഹാദേവ ക്ഷേത്രം എത്തുമെന്നുമുള്ള പ്രവചനം അന്വർഥമാവും വിധം മഹാദേവ സാന്നിധ്യത്താൽ ക്ഷേത്രം അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണ്.
നൂലാം പാറ എന്ന സ്ഥലനാമ വിശേഷണത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒരു പ്രദേശം കൂടി ക്ഷേത്രത്തോടനുബന്ധമായി ഇവിടെയുണ്ട്. അതാണ് നൂലാം പാറ വെള്ളച്ചാട്ടം. ഒട്ടകത്ത മേട്ടിൽ നിന്നും ഉൽഭവിക്കുന്ന നീർച്ചാൽ നുരഞ്ഞ് പതഞ്ഞൊഴുകി ക്ഷേത്ര പരിസരത്തെത്തി പാറക്കെട്ടിന്റെ ആഴത്തിലേക്ക് പതിച്ച് നൂല് കെട്ടിയിറക്കിയാൽ എത്താത്ത ഗർത്ത മുണ്ടായെന്ന പഴമൊഴിയിലാണ് നൂലാംപാറ എന്ന നാമധേയമുണ്ടായതെന്നാണ് പറയപ്പെടുന്നത്.
ക്ഷേത്രത്തോടനുബന്ധമായ വെള്ളച്ചാട്ടം സന്ദർശിക്കുവാൻ നിരവധിയാളുകൾ എത്തുന്നുമുണ്ട്. കുടിയേറ്റക്കാർക്കൊപ്പം ലോക വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം നേടിയ തേക്കടി സ്ഥിതി ചെയ്യുന്ന കുമളിക്കും അനുഗ്രഹ പ്രഭ ചൊരിഞ്ഞ് സ്ഥിതി ചെയ്യുകയാണ് അമരാവതി നൂലാം പാറ മഹാദേവ ക്ഷേത്രം.