ബി എസ് എൻ എൽ ടവർ സ്ഥാപിച്ചു;ഉപ്പുതറ മേമാരി നിവാസികൾ പരിധിക്കുള്ളിലായി
![ബി എസ് എൻ എൽ ടവർ സ്ഥാപിച്ചു;ഉപ്പുതറ മേമാരി നിവാസികൾ പരിധിക്കുള്ളിലായി](https://openwindownews.com/uploads/images/202501/image_870x_6792f5349e508.jpg)
ചൊറിയൻതണ്ടിൽ ബി എസ് എൻ എൽ ടവർ സ്ഥാപിച്ചതോടെയാണ് മേഖല പരിധിക്കുള്ളിലായത്. ടവർ സ്ഥാപിക്കണമെന്ന ആദിവാസി ജനവിഭാഗത്തിൻ്റെ വർഷങ്ങളായുളളആവശ്യമാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. വനം വകുപ്പിൻ്റെ എതിർപ്പായിരുന്നു തടസം സൃഷ്ടിച്ചത്.കണ്ണംപടി മേമാരി ആദിവാസി സങ്കേതങ്ങൾ വനത്തിന് നടുവിലാണ്. ഇവിടെയുള്ളവർക്ക് പുറം ലോകവുമായി ബന്ധപ്പെടണമെങ്കിൽ മരത്തിൽ കയറി റേഞ്ച് പിടിക്കണം. എല്ലാ മരങ്ങളിലും റേഞ്ച് ലഭിക്കണമെന്നുമില്ല.
ഇവിടുത്തെ ജനവിഭാഗം റേഞ്ചില്ലാതെ വലിയ ദുരിതമാണ് അനുഭവിച്ചത്.ഇതിന് പരിഹാരം കാണണമെന്ന് നിരന്തരം ആവശ്യം ഉയർന്നിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല.കഴിഞ്ഞ കോവിഡ് കാലത്ത് വിദ്യാഭ്യാസം ഓൺലൈനായപ്പോൾ റേഞ്ചിൻ്റെ അഭാവം ഇവിടുത്തെ കുട്ടികളുടെ വിദ്യാഭ്യാസവും മുടങ്ങി. ഇതേ തുടർന്നാണ് ജനപ്രതിനിധികൾ ടവർ എന്ന ആവശ്യമായി സർക്കാരിൽ സമ്മർദ്ദം ചെലുത്തിയത്. വനം വകുപ്പ് അപ്പോഴും എതിർപ്പുമായി നിലകൊണ്ടു. പല കമ്പിനികളും ടവർ സ്ഥാപിക്കാൻ സമ്മതം മൂളിയെങ്കിലും വനം വകുപ്പിൻ്റെ എതിർപ്പ് തിരിച്ചടിയായി. ഒടുവിൽ സർക്കാരിൻ്റെ സമ്മർദ്ദത്തിനൊടുവിൽ വനം വകുപ്പ് വഴങ്ങുകയായിരുന്നു.
അനുമതി ലഭിച്ചതോടെ ബി എസ് എൻ എൽ ടവർ സ്ഥാപിക്കുകയും ചെയ്തു.സോളാർ പാനൽ സ്ഥാപിച്ചാണ് ടവർ പ്രവർത്തിപ്പിക്കുന്നത്. ആനയും മറ്റ് വന്യമൃഗങ്ങൾ കയറാതിതിരിക്കാൻ സോളാർ വേലിയും സ്ഥാപിച്ചു. 4 ജി ടവറാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.ടവർ പ്രവർത്തനമാരംഭിച്ചതോടെ കണ്ണം പടി ഉൾപ്പെടെയുള്ള ആദിവാസി സങ്കേതങ്ങൾ പരിധിക്കുള്ളിലായി . ഇനി കണ്ണംപിടിക്കാർക്കും യഥേഷ്ടം പുറംലോകവുമായി ബന്ധപ്പെടാൻ കഴിയും.