സി എസ് ഡി എസ് സംസ്ഥാന നേതൃസംഗമം കട്ടപ്പനയിൽ സംഘടിപ്പിച്ചു
സി എസ് ഡി എസ് സംസ്ഥാന നേതൃത്വ സംഗമം കട്ടപ്പനയിൽ സംഘടിപ്പിച്ചു. ബാബ സാഹേബ് ഡോ ബി ആർ അംബേദ്കറുടെ 134 ആം ജന്മദിനം ഏപ്രിൽ 12 മുതൽ 14 വരെ കോട്ടയത്ത് വിപുലമായി ആഘോഷിക്കുവാൻ യോഗത്തിൽ ക തീരുമാനിച്ചു. ഏപ്രിൽ 14 ന് പതിനായിരക്കണക്കിന് സി എസ് ഡി എസ് പ്രവർത്തകർ അണിനിരക്കുന്ന ജന്മദിന ഘോഷയാത്രയും നടത്തും. സംസ്‌ഥാന ട്രഷറർ പ്രവീൺ ജെയിംസ് ചെയർമാൻ ആയി 501 അംഗ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.
കട്ടപ്പന ഏദൻ ഓഡിറ്റോറിയത്തിൽ നടന്ന നേതൃസംഗമം സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു.സി എസ് ഡി എസിന്റെ സംഘടിത ശക്തി വിളിച്ചോതുന്ന ജന്മദിന ഘോഷയാത്ര ബാബ സാഹേബ് ഡോ ബി ആർ അംബേദ്കറേയും ഇന്ത്യൻ ഭരണഘടനയെയും അവഹേളിച്ചവർക്കുള്ള മറുപടിയാകും, സ്വാതന്ത്ര്യത്തിന്റെ 75 വർഷം പിന്നിടുമ്പോഴും ദളിത് വിഭാഗം സമൂഹത്തിന്റെ പിന്നിലാണ്, കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ വരേണ്യ വർഗ്ഗത്തിന്റെ ഭാഗമായി മാറുന്നു, അത് കേരളത്തിന്റെ മന്ത്രിസഭയിൽ തന്നെ വ്യക്തമാണ് എന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ കെ സുരേഷ് പറഞ്ഞു.
സംസ്‌ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ അധ്യക്ഷത വഹിച്ചു.ട്രഷറർ പ്രവീൺ ജെയിംസ്, സെക്രട്ടറിമാരായ ലീലാമ്മ ബെന്നി, വിനു ബേബി, എം സി ചന്ദ്രബോസ്, സംസ്‌ഥാന കമ്മിറ്റി അംഗങ്ങൾ ജില്ലയിലെ വിവിധ താലൂക്ക് കമ്മിറ്റികളുടെ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.