പിഴ ചുമത്തുന്നതിനുള്ള ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമാരുടെ അധികാരപരിധി ഉയർത്തും

പിഴ ചുമത്തുന്നതിനുള്ള ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമാരുടെ അധികാരപരിധി 10000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയാക്കി ഉയർത്തും. ഇതിന് 1973ലെ ക്രിമിനൽ നടപടി സംഹിതയിലെ 29 ആം വകുപ്പിലെ ഉപവകുപ്പ് ഭേദഗതി ചെയ്യുന്നതിന് ഹൈക്കോടതി രജിസ്ട്രാർ ജനറൽ നൽകിയ ശുപാർശ മന്ത്രിസഭാ യോഗം അംഗീകരിച്ചു . മോട്ടോർ വാഹന നിയമ (ഭേദഗതി )ആക്റ്റ് 2019 നിലവിൽ വന്നതോടെ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ പത്തുമടങ്ങ് വർദ്ധിച്ചിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി .ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് ചുമത്താവുന്ന പരമാവധി പിഴ 10000 രൂപ മാത്രമായതിനാൽ നിലവിലുള്ള ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ പ്രോസിക്യൂഷൻ നടപടി ക്രമങ്ങളെ കാര്യമായി ബാധിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഭേദഗതി വരുത്താനുള്ള കരട് ബില്ലിന് അംഗീകാരം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.