കോൺക്രീറ്റിനു മുകളിൽ കോൺക്രീറ്റ് ചെയ്തിട്ടും അപകട ഭീതി ഒഴിയാതെ വണ്ടിപ്പെരിയാർ പുതിയ പാലം

കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയ പാതയിൽ വണ്ടിപ്പെരിയാർ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർമ്മിച്ച വണ്ടിപ്പെരിയാർ പുതിയ പാലമാണ് നിർമ്മാണ തകർച്ചകളുടെ തുടർകഥയായി മാറുന്നത്.പാലത്തിനു മുകളിലെ കോൺക്രീറ്റ് പൊളിഞ്ഞ് കമ്പികൾ പുറത്തേക്ക് വന്ന് അപകട ഭീതി പരത്തുന്നതും പാലത്തിലെ അശാസ്ത്രീയ നിർമ്മാണം മുലം മഴക്കാലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതും പതിവായതോടെ നിരന്തര പരാതികൾക്കും മാധ്യമ വാർത്തകൾക്കുമൊടുവിലാണ് പാലത്തിനു മുകളിൽ വീണ്ടും കോൺക്രീറ്റ് ചെയ്ത് പ്രശ്ന പരിഹാരം കാണുന്നതിന് ദേശീയപാതാ വിഭാഗം നടപടികൾ സ്വീകരിച്ചിരുന്നത്.
എന്നാൽ ഈ കോൺക്രീറ്റും പൊളിഞ്ഞ് തുടങ്ങിയതോടു കൂടിയാണ് അപകടക്കെണികൾ തുടർകഥയാവുന്നത്.പാലത്തിലെ കോൺക്രീറ്റ് പൊളിഞ്ഞ് സ്പാൻ ഇരുമ്പ്ദണ്ഡുകൾ ഉയർന്ന് നിൽക്കുന്നതാണ് പാലത്തിലൂടെയുള്ള വാഹന യാത്രികർക്ക് അപകടക്കെണിയായി മാറുന്നത്. ഇരുമ്പ് ദണ്ഡുകളിൽ കയറി വലിയ ശബദത്തോടു കൂടി വാഹനങ്ങൾ കടന്നുപോവുന്ന സമയം കാൽനട യാത്രികർ ഞെട്ടലോടെയാണ് പാലത്തിലൂടെ യാത്ര ചെയ്യുന്നത് . പുതിയ പാലത്തിലെ ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണമെന്നാണ് വാഹന യാത്രികർ ആവശ്യപ്പെടുന്നത്.
കോൺക്രീറ്റ് പൊളിഞ്ഞ് വീണ്ടും കമ്പികൾ പുറത്തേക്ക് നിൽക്കുന്നതും വാഹനങ്ങളുടെ ടയറുകൾക്ക് കേട് പാട് സംഭവിക്കുന്നതായും വാഹന യാത്രികർ ചൂണ്ടി കാണിക്കുന്നുമുണ്ട്.കോൺക്രീററിൽ നിന്നും ഇളകിമാറി ഉയർന്നു നിൽക്കുന്ന ഇരുമ്പ് ദണ്ഡുകളിലൂടെ വാഹനങ്ങൾ കയറി ഇറങ്ങുമ്പോഴുണ്ടാവുന്ന ശബ്ദം രാത്രി കാലങ്ങളിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതാണോ എന്ന ആശങ്കയും ഡ്രൈവർമാർക്കിടയിൽ ഉളവാക്കുന്നുമുണ്ട്.
ശബരിമല മണ്ഡലകാലമായതിനാൽ ഏറെ വാഹനത്തിരക്കനുഭവപ്പെടുന്ന സാഹചര്യത്തിൽ ദേശീയ പാതയിലെ പാലത്തിലെ അപകടക്കെണിക്ക് പരിഹാരം കാണണമെന്ന ആവശ്യമാണ് വാഹന യാത്രികരും നാട്ടുകാരും ദേശീയ പാതാ അധികൃതർക്ക് മുൻപിൽ വയ്ക്കുന്ന ആവശ്യം.